10 വര്‍ഷത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് എന്തെങ്കിലും പറയുമോ? മോദിയോട് ഖാര്‍ഗെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 50 വര്‍ഷം മുന്‍പുള്ള അടിയന്തരാവസ്ഥയെ അല്ല, കഴിഞ്ഞ പത്ത് വര്‍ഷത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കാന്‍ ഖാര്‍ഗെ, പ്രധാനമന്ത്രിയ വെല്ലുവിളിച്ചു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിക്കെതിരെയാണ് വിധി നല്‍കിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ കുറിച്ചോ പശ്ചിമ ബംഗാളിലെ ട്രെയിന്‍ അപകടത്തെക്കുറിച്ചോ മണിപ്പൂരില്‍ തുടരുന്ന അക്രമത്തെക്കുറിച്ചോ പ്രധാനമന്ത്രി സംസാരിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. '50 വര്‍ഷം പഴക്കമുള്ള അടിയന്തരാവസ്ഥയെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്, എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ നിങ്ങള്‍ മറന്നു,' ഖാര്‍ഗെ പറഞ്ഞു.

ഇന്ത്യാ സഖ്യം പാര്‍ലമെന്റിന് അകത്തും പുറത്തും ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഭരണഘടന കൈയില്‍ പിടിച്ച് കൊണ്ടാണ് ഇന്ത്യാ സഖ്യത്തിന്റെ മുഴുവന്‍ എംപിമാരും ഇന്ന് പാര്‍ലമെന്റില്‍ എത്തിയത്. ഇത്തവണ വലിയ ആത്മവിശ്വാസത്തോടെയാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ എത്തുന്നത്. ബിജെപിയെ ഭൂരിപക്ഷത്തിന് താഴെ പരിമിതപ്പെടുത്തിയ മികച്ച പ്രകടനത്തില്‍ പ്രതിപക്ഷം ആവേശത്തിലാണ്.
എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണയോടെ മോദി പ്രധാനമന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും തങ്ങളുടെ സംഖ്യാബലം ഉപയോഗിച്ച് സര്‍ക്കാരിനെ സഭയില്‍ തളച്ചിടാം എന്നാണ് ഇന്ത്യാ മുന്നണിയുടെ പ്രതീക്ഷ. നേരത്തെ കോണ്‍ഗ്രസിനെ അടിയന്തരാവസ്ഥക്കാലം ഓര്‍മിപ്പിച്ച് കൊണ്ടായിരുന്നു 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുന്‍പ് മോദി മാധ്യമങ്ങളോട് സംസാരിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടത് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാണ് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ സര്‍ക്കാര്‍ അതിന്റെ മൂന്നാം ടേമില്‍ മൂന്നിരട്ടി കഠിനാധ്വാനം ചെയ്യുമെന്നും അത് മൂന്നിരട്ടി ഫലങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ചരിത്ര പ്രാധാന്യമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യാനന്തരം തുടര്‍ച്ചയായി മൂന്നാം തവണയും തുടരാന്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ സര്‍ക്കാരാണിത്.
60 വര്‍ഷത്തിന് ശേഷമാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. മൂന്നാം ടേമിലേക്ക് ജനങ്ങള്‍ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കുമ്പോള്‍ അതിനര്‍ത്ഥം അതിന്റെ ഉദ്ദേശ്യത്തിന്റെയും നയങ്ങളുടെയും അര്‍പ്പണബോധത്തിന്റെയും മുദ്രയാണ്. ഇതിന് ഞാന്‍ ജനങ്ങളോട് നന്ദി പറയുന്നു, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത പാടാണ് എന്നും അദ്ദേഹം പറഞ്ഞു.
നാളെ അടിയന്തരാവസ്ഥയുടെ 50 -ാം വര്‍ഷമാണ്. ഈ 50 -ാം വാര്‍ഷികത്തില്‍ ജനാധിപത്യം പിടിച്ചെടുക്കുന്ന സംഭവമുണ്ടാകില്ല എന്ന് രാജ്യം പ്രതിജ്ഞയെടുക്കും എന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50 -ാം വാര്‍ഷികം ഈ ജൂണ്‍ 25 - ന് ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ എല്ലാവരെയും ഒപ്പം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുമെന്നും മോദി പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷത്തിന് കര്‍ശനമായ സന്ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യയ്ക്ക് വേണ്ടത് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാണ്. ജനങ്ങള്‍ക്ക് വേണ്ടത് മുദ്രാവാക്യങ്ങളല്ല, പാര്‍ലമെന്റില്‍ വേണ്ടത് സംവാദവും ഉത്സാഹവുമാണ്, നാടകീയതയല്ല. പ്രതിപക്ഷം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് എം പിമാരില്‍ നിന്ന് ഏറെ പ്രതീക്ഷകളുണ്ടെന്നും പൊതുജനക്ഷേമത്തിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇതാദ്യമായാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പുതിയ എം പിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications