ഗവര്‍ണര്‍ അഴിമതിക്കാരന്‍; ഹവാല കേസില്‍ പേരുള്ളയാള്‍... ആഞ്ഞടിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ അഴിമതിക്കാരനും ഹവാല ഇടപാട് കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട വ്യക്തിയുമാണെന്ന് മമത ആരോപിച്ചു. 1996ലെ ജെയിന്‍ ഹവാല കേസിലെ കുറ്റപത്രത്തില്‍ ധങ്കറിന്റെ പേരുണ്ടായിരുന്നു എന്നാണ് മമത പറയുന്നത്. ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും മമത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വലിയ ഭൂരിപക്ഷത്തിലാണ് തന്റെ സര്‍ക്കാര്‍ ബംഗാളില്‍ വീണ്ടും അധികാരത്തിലെത്തിയത്. എന്നിട്ടും ഏകാധിപത്യ സ്വഭാവമാണ് ഗവര്‍ണര്‍ കാണിക്കുന്നത്. അതെന്തു കൊണ്ടാണെന്നും മമത ചോദിച്ചു. 1990കളില്‍ കോളിളക്കം സൃഷ്ടിച്ച ഹവാല ഇടപാടായിരുന്നു ജെയിന്‍ ഹവാല കേസ്. രാഷ്ട്രീയ നേതാക്കള്‍ക്ക് രണ്ടു കോടിയോളം രൂപ നാല് ഹവാല ബ്രോക്കര്‍മാര്‍ മുഖേന കൈമാറിയതാണ് കേസ്. ജെയിന്‍ സഹോദരന്‍മാര്‍ ആയിരുന്നു കേസിലെ മുഖ്യ പ്രതികള്‍. അതുകൊണ്ടാണ് ഈ കേസ് ജെയിന്‍ ഹവാല കേസ് എന്ന് അറിയപ്പെട്ടത്.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ബംഗാളില്‍ രൂക്ഷമാണ്. ഗവര്‍ണര്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഗവര്‍ണറെ നീക്കണമെന്നാണ് മമതയുടെ ആവശ്യം. പ്രമേയം വന്നാല്‍ അത് വലിയ ചര്‍ച്ചയാകും. സര്‍ക്കാര്‍ നിമയസഭാ സ്പീക്കറുമായി വിഷയം ചര്‍ച്ച ചെയ്യുന്നു എന്നാണ് വിവരം. ജൂലൈ 2നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ഗവര്‍ണര്‍ പാര്‍ലമെന്ററി കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നു എന്ന് കാണിച്ച് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications