ബിജെപിയുടേത് നാടകം, ഇത് തന്നെ ദില്ലിയിലും അരങ്ങേറി: വാഹന വ്യൂഹം ആക്രമിച്ച സംഭവത്തിൽ മമത
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുതിർന്ന ബിജെപി നേതാക്കളായ ജെ പി നദ്ദ, കൈലാഷ് വിജയവർഗിയ എന്നിവർക്കെതിരായ ആക്രമണത്തിൽ ഇടഞ്ഞ് ബിജെപിയും തൃണമൂൽ കോൺഗ്രസും. ബിജെപിയുടെ ആരോപണങ്ങളും തൃണമൂൽ കോൺഗ്രസിന്റെ പ്രത്യാരോപണങ്ങളും വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് തുടക്കമിട്ടിട്ടുള്ളത്.

ബിജെപിയുടെ നാടകം
ബിജെപി നേതാക്കളുടെ വാഹന വ്യൂഹങ്ങൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി ബിജെപിയുടെ നാടകം എന്നാണ് വിശേഷിപ്പിച്ചത്. നഡ്ഡയ്ക്കെതിരായ ആക്രമണം ബിജെപിക്കാർ തന്നെയാണ് ആസൂത്രണം ചെയ്തതെന്നും തൃണമൂൽ ആരോപിച്ചിരുന്നു. മമതാ സർക്കാരിന്റെ പത്ത് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്ന ദിവസം തന്നെ ആക്രമണമുണ്ടായത് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണെന്ന് തൃണമൂൽ നേതാവ് സുബ്രത മുഖർജി പറഞ്ഞു.

കാർഷിക പ്രക്ഷോഭത്തിന് പിന്തുണ
കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരായ തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ദിവസത്തെ പ്രക്ഷോഭത്തിന്റെ അവസാനം പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.തങ്ങളുടെ റാലിയിൽ പങ്കെടുക്കാൻ പാർട്ടിക്ക് കഴിയാത്തതിനാൽ ജനശ്രദ്ധയാകർഷിക്കാൻ ബിജെപി നാടകം കളിക്കുന്നുവെന്നും ആരോപിക്കുന്നു.

വാഹനത്തിന് നേരെ കല്ലേറ്
2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകരെ കാണുന്നതിനായി ഡയമണ്ട് ഹാർബറിലേക്ക് പോകുന്നതിനിടെയാണ് ജെപി നഡ്ഡയും കൈലാസ് വിജയ് വർഗ്ഗീയയും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം ആക്രമിക്കപ്പെടുന്നത്. കൈലാഷ് വിജയവർഗിയയുടെ വാഹന വ്യൂഹം ആക്രമിക്കപ്പെടുകയും അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. താൻ സഞ്ചരിക്കുന്ന കാറിന്റെ വിൻഡ്ഷീൽഡ് തകർന്നതായി കാണിക്കുന്ന വീഡിയോ വിജവർഗിയ തന്നെയാണ് പങ്കുവെച്ചത്. യാത്രയിലുടനീളം ബിജെപി നേതാക്കൾക്ക് നേരെ കരിങ്കൊടി വീശുകയും ചെയ്തിരുന്നു.

റിപ്പോർട്ട് തേടി
ബുധനാഴ്ച ജെ പി നദ്ദ പങ്കെടുത്ത ബിജെപി പരിപാടിയിൽ സുരക്ഷാ വീഴ്ച വരുത്തിയെന്ന് ആരോപണത്തിന് പിന്നാലെ ബിജെപി നേതാക്കൾ ഉന്നയിച്ച ആശങ്കകളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. നദ്ദയുടെ സന്ദർശനത്തിനിടെ പാർട്ടി ഓഫീസിന് പുറത്ത് തടിച്ച് കൂടിയ ആൾക്കൂട്ടം വടികളും ആയുധങ്ങളുമായി നിലയുറപ്പിച്ചിരുന്നുവെന്നാണ് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിക്കുന്നു.












Click it and Unblock the Notifications