സന്യാസ പദവിക്കു പിന്നാലെ വിവാദം; മമതാ കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വര്‍ സ്ഥാനത്തു നിന്ന് നീക്കി
തൊണ്ണൂറുകളില്‍ ബോളിവുഡിലെ ഹോട്ട് ഗേള്‍ ആയിരുന്നു മമതാ കുല്‍ക്കര്‍ണി. 10 വര്‍ഷക്കാലം നിരവധി സിനിമകളില്‍ നായികയായി. ബോളിവുഡിലെ അക്കാലത്തെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. ഗ്ലാമര്‍ വേഷങ്ങളില്‍ അക്കാലത്ത് സ്‌ക്രീനില്‍ തകര്‍ത്താടിയ മമതയ്ക്ക് ഒരുപാട് ആരാധകരും ഉണ്ടായിരുന്നു. രണ്ടായിരത്തിന്റെ തുടക്കത്തില്‍ വരെ ബോളിവുഡിലെ പ്രധാനപ്പെട്ട നായികമാരില്‍ ഒരാളായി തുടരുകയും ചെയ്തു.
എന്നാല്‍ പിന്നീട് വേഷങ്ങള്‍ കുറഞ്ഞതോടെയാണ് മറ്റു ഭാഷകളിലേക്ക് ചുവടു മാറ്റിയത്. മലയാളത്തില്‍ ചന്താമാമ എന്ന സിനിമയില്‍ ഒരു നൃത്ത രംഗത്ത് മാത്രമായി പ്രത്യക്ഷപ്പെട്ടു. തമിഴിലും തെലുങ്കിലും ഒക്കെ ഐറ്റം ഡാന്‍സുമായി സ്‌ക്രീനില്‍ എത്തുകയും ചെയ്തു. ബോളിവുഡില്‍ സിനിമകള്‍ കുറഞ്ഞതോടെയായിരുന്നു മറ്റു ഭാഷകളിലേക്കുള്ള രംഗപ്രവേശം. എന്നാല്‍ അവിടെയും നില്‍ക്കക്കള്ളി ഇല്ലാതായതോടെ രണ്ടായിരത്തിന്റെ പകുതിയോടെ മമതാ കുല്‍ക്കര്‍ണി ഇന്ത്യന്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷയായി.

പിന്നീട് ഒളിഞ്ഞും തെളിഞ്ഞുമൊക്കെ മമത ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. 2016 ലാണ് ഇന്ത്യ ഒട്ടാകെ ഞെട്ടിച്ചുകൊണ്ട് മമത ലഹരി മരുന്നു കേസില്‍ അറസ്റ്റിലായത്. 2000 കോടിയുടെ ലഹരിമരുന്നിന്റെ ഇടപാട് എന്നായിരുന്നു അന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞത്. ഭര്‍ത്താവിന്റെ മയക്കുമരുന്ന് ഇടപാടുകളില്‍ നടിക്കും പങ്കാളിത്തം ഉണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. പിന്നീട് കോടതി മമതയെ ഈ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കി. പുറത്തിറങ്ങിയ നടി പക്ഷേ പിന്നീട് ഇന്ത്യയില്‍ നിന്നില്ല. വിദേശത്തേക്ക് പോയി. വര്‍ഷങ്ങള്‍ അവിടെ ചിലവഴിച്ച് തിരിച്ചെത്തിയപ്പോഴാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.
ഇക്കഴിഞ്ഞ ജനുവരി 24നാണ് മമത സന്യാസിനിയായി എന്ന വാര്‍ത്ത പുറത്തുവന്നത്. നടിയുടെ ഈ മാറ്റം ഏവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു. മാത്രമല്ല നടിയെ കിന്നര്‍ അഖാഡയുടെ മഹാമണ്ഡലേശ്വര്‍ പദവിയില്‍ അവരോധിക്കുകയും ചെയ്തു.
എന്നാല്‍ ഈ പദവി നല്‍കിയതിനെതിരെ സന്യാസ സമൂഹത്തിനുള്ളില്‍ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ലഹരി മരുന്നു കേസില്‍ മുന്‍പ് ഉള്‍പ്പെട്ട ഒരാള്‍ക്ക് കാര്യമായ ആലോചന കൂടാതെ കിന്നര്‍ അഖാഡയില്‍ മഹാമണ്ഡലേശ്വര്‍ ആയി നിയമിച്ചതില്‍ ആയിരുന്നു പ്രതിഷേധം. നടിക്ക് ഈ പദവിയിലേക്ക് ഉയര്‍ത്തിയ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
ഇപ്പോഴിതാ സന്യാസം സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മമതയെ കിന്നര്‍ അഖാഡയില്‍ നിന്നും പുറത്താക്കി എന്ന വാര്‍ത്തയാണ് വരുന്നത്. നടിയെ മാത്രമല്ല ഈ പദവി നല്‍കിയ
ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെയും പുറത്താക്കിയിട്ടുണ്ട്. കിന്നര്‍ അഖാഡയുടെ സ്ഥാപകനായ അജയ് ദാസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മമതയുടെ സന്യാസ പദവി സംബന്ധിച്ച് അജയ് ദാസും ലക്ഷ്മി നാരായണ്‍ ത്രിപാഠിയും തമ്മില്‍ വലിയ അഭിപ്രായ ഭിന്നതയുണ്ടായി.
തന്റെ അനുമതിയില്ലാതെയാണ് നടിക്ക് മഹാമണ്ഡലേശ്വര്‍ പദവി നല്‍കിയത് എന്നാണ് അജയ് ദാസ് പറയുന്നത്. ഇക്കാര്യത്തില്‍ നടപടി നേരിട്ട ലക്ഷ്മി നാരായണന്‍ ത്രിപാഠിക്കും വലിയ ഉത്തരവാദിത്തമുണ്ട്. ലക്ഷ്മി നാരായണന്‍ ത്രിപാഠി സമൂഹത്തിനായി ചെയ്ത വലിയ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ആചാര്യ മഹാമണ്ഡലേശ്വറായി നിയമിച്ചത്. എന്നാല്‍ കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ച പറ്റി എന്ന വിലയിരുത്തലോടെയാണ് നടപടി.
പ്രശസ്തിയിലും കുപ്രസിദ്ധിയിലും പേരുകേട്ട മമതയെ പോലെ ഒരു നടിക്ക് കാര്യമായ കൂടിയാലോചനകള്‍ ഇല്ലാതെ മഹാമണ്ഡലേശര്‍ പദവി നല്‍കിയതാണ് കിന്നര്‍ അഖാഡയ്ക്കുള്ളില്‍ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. നടിക്ക് ഈ പദവി നല്‍കിയത് അധാര്‍മികം മാത്രമല്ല മതപരമായ മൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും അജയ് ദാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ 24 ന് ആയിരുന്നു മമത അഖാഡയില്‍ എത്തിയത്. തുടര്‍ന്ന് ആചാര്യ ലക്ഷ്മി നാരായണന്‍ ത്രിപാഠിയെ കണ്ട് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് സന്യാസം സ്വീകരിച്ചു. 52 വയസുള്ള മമത രണ്ടു വര്‍ഷമായി കിന്നര്‍ അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.












Click it and Unblock the Notifications