ത്രികോണ പ്രണയത്തിന് പഞ്ചായത്തിന്റെ വിചിത്ര വിധി; ടോസിട്ട് വധുവിനെ കണ്ടെത്തി... കഥയല്ലിത്...
ബെംഗളൂരു: രണ്ടു യുവതികളെ ഒരേ സമയം പ്രേമിച്ച യുവാവ് ഒരു നാടിനെ തന്നെ മുള്‍മുനയില്‍ നിര്‍ത്തി. വീട്ടുകാരുടെ ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നപ്പോള്‍ പഞ്ചായത്ത് ഇടപെട്ടു. ഒരുതവണ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരമായില്ല. അതിനിടെ പ്രണയിനികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു. ധര്‍മസങ്കടത്തിലായ പഞ്ചായത്ത് അധികൃതര്‍ ടോസ് ചെയ്ത് വധുവിനെ കണ്ടെത്താമെന്ന് തീരുമാനിച്ചു.
മൂന്ന് പേരില്‍ നിന്നും മുദ്രപത്രത്തില്‍ എഴുതി വാങ്ങിയ ശേഷം ടോസ് ചെയ്തു. വധുവിനെ തിരഞ്ഞെടുത്തു. യുവതികളില്‍ ഒരാള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. സിനിമാകഥകളെ വെല്ലുന്ന ഈ സംഭവം നടന്നത് കര്‍ണാടകത്തിലെ ഹാസന്‍ ജില്ലയിലാണ്. ഭര്‍തൃമതി 25 തവണ ഒളിച്ചോടിയെന്ന മറ്റൊരു വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. രണ്ടു സംഭവങ്ങളുടെയും വിശദാംശങ്ങള്‍ ഇങ്ങനെ....

കര്‍ണാടകത്തിലെ ഹാസനിലുള്ള സക്ലേഷ്പൂര്‍ താലൂക്കില്‍ നടന്ന സംഭവം ആദ്യം വിശദീകരിക്കാം. 27കാരനായ യുവാവാണ് ഇരട്ട കാമുക വേഷം കെട്ടിയത്. മുന്‍ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ഏക മകനായ ഇയാള്‍ അത്യാവശ്യം സാമ്പത്തികമുള്ള വീട്ടിലെ അംഗമാണ്. തൊട്ടടുത്ത ഗ്രാമത്തിലെ 20കാരിയെ ഇയാള്‍ പ്രണയിച്ചു. യാത്രകളും ഷോപ്പിങുമെല്ലാം പതിവായി. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ പ്രണയത്തിലായത്. എന്നാല്‍ ആറ് മാസം മുമ്പ് യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ആദ്യ കാമുകിക്കൊപ്പമുള്ള കാര്യങ്ങള്‍ ഇവിടെയും ആവര്‍ത്തിച്ചു.

ഒരു ദിവസം യുവാവ് കാമുകിക്കൊപ്പം കറങ്ങുന്നത് ബന്ധു കണ്ടു. അതോടെ യുവാവിന്റെ അച്ഛന്‍ അറിഞ്ഞു. യുവതിയെ ഇഷ്ടമാണെന്നും വിവാഹം ചെയ്യണമെന്നും വീട്ടുകാര്‍ക്ക് മുമ്പില്‍ യുവാവ് വാശിപിടിച്ചു. പറ്റില്ലെന്ന് പിതാവ്. മറ്റൊരു വിവാഹം നടത്താന്‍ വീട്ടുകാര്‍ ഒരുങ്ങി. ഇക്കാര്യം ഒരു കാമുകി അറിഞ്ഞു. അവര്‍ വീട്ടുകാരെ അറിയിച്ച് യുവാവിന്റെ വീട്ടിലെത്തി. ഇക്കാര്യം അറിഞ്ഞ അടുത്ത കാമുകിയും വീട്ടുകാര്‍ക്കൊപ്പമെത്തി. അതോടെ സംഭവം നാട്ടില്‍ പാട്ടായി. വലിയ ചര്‍ച്ചയായി.

പ്രശ്‌നപരിഹാരത്തിന് പഞ്ചായത്ത് ഇടപെട്ടു. ഒരുമാസം മുമ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് ആദ്യ യോഗം വിളിച്ചു. യുവതികളുടെ അഭിപ്രായം തേടി. രണ്ടുപേര്‍ക്കും യുവാവിനെ വിവാഹം കഴിക്കണം. പ്രശ്‌നം രൂക്ഷമായതോടെ യുവാവ് മൗനിയായി എല്ലാം പഞ്ചായത്തിന്റെ തീരമാനത്തിന് വിട്ടുകൊടുത്തു. എന്നാല്‍ യോഗത്തില്‍ തീരുമാനമായില്ല. അതിനിടെ ആദ്യ കാമുകി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും പഞ്ചായത്ത് യോഗം ചേര്‍ന്നു. മൂന്ന് കുടുംബങ്ങളെയും വിളിച്ചുവരുത്തി. നിയമ വിദഗ്ധനെയും യോഗത്തിലേക്ക് വിളിച്ചിരുന്നു. പഞ്ചായത്ത് തീരുമാനം അന്തിമമാകുമെന്നും തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും പോലീസില്‍ പരാതിപ്പെടില്ലെന്നും അഭിഭാഷകന്‍ മുദ്രപ്പേപ്പറില്‍ എഴുതി ഒപ്പിട്ടുവാങ്ങി. മൂന്ന് കുടുംബങ്ങളും ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.

ഏത് കാമുകിയെ ഭാര്യയാക്കണം എന്ന കാര്യം ടോസ് ചെയ്ത് തീരുമാനിക്കാമെന്ന് പഞ്ചായത്ത് യോഗം കുടുംബങ്ങളെ അറിയിച്ചു. എല്ലാവരും ഓകെ പറഞ്ഞു. യുവാവ് മൗനം പാലിച്ചതാണ് സംഭവം ഇത്രയും വലിയ ചര്‍ച്ചയാക്കിയത്. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കാണ് ടോസ് വീണത്. പഞ്ചായത്ത് അധികൃതര്‍ക്ക് മുമ്പില്‍ വച്ചു തന്നെ യുവാവ് യുവതിയെ ആലിംഗനം ചെയ്തു.
ആരാധകര്‍ക്ക് പിടികൊടുക്കാതെ മമ്മൂട്ടി മൂന്നാറില്‍; പിറന്നാള്‍ ആഘോഷം ലളിതം... കാണാം ചിത്രങ്ങള്‍

മറ്റേ യുവതി ബന്ധുക്കള്‍ക്കൊപ്പം അവരുടെ വീട്ടിലേക്ക് പോയി. പോകുന്നതിന് മുമ്പ് വധുവായി തിരഞ്ഞെടുക്കപ്പെട്ട യുവതിക്ക്് ആശംസ അറിയിച്ചു. യുവാവിനെ അടിക്കുകയും താക്കീത് ചെയ്യുകയുമുണ്ടായി. ഇതോടെ അവിടെ തടിച്ചുകൂടിയവരെല്ലാം കൈയ്യടിച്ചു. നിനക്ക് മുമ്പില്‍ ഞാന്‍ അന്തസായി ജീവിച്ചുകാണിക്കുമെന്നായിരുന്നു യുവതിയുടെ പ്രതികരണം.

അസമിലെ നാഗാവ് ജില്ലയില്‍ നിന്നാണ് മറ്റൊരു വിചിത്രമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭര്‍തൃമതി 25 തവണ ഒളിച്ചോടിയെന്നാണ് വാര്‍ത്ത. ഓരോ തവണയും ഒളിച്ചോടിയ ശേഷം ദിവസങ്ങള്‍ കഴിഞ്ഞാല്‍ തിരിച്ചുവരുമത്രെ. ഭര്‍ത്താവ് സ്വീകരിക്കുകയും ചെയ്യും. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. മൂന്നമത്തെ കുഞ്ഞിന് മൂന്ന് മാസമാണ് പ്രായം. ഈ കുഞ്ഞിനെ അടുത്ത വീട്ടില്‍ ഏല്‍പ്പിച്ച് പശുവിന് പുല്ലെടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് പോയതത്രെ. പണവും സ്വര്‍ണവും എടുത്താണ് പോയിരിക്കുന്നത്. ഇനിയും അവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഭര്‍ത്താവ് എന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications