ആരുമായും സഖ്യമില്ല, എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളായി; മണിപ്പൂരില്‍ ആത്മവിശ്വാസത്തോടെ ബിജെപി
ഇംഫാല്‍: വരാനിരിക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി ജെ പി. 60 നിയമസഭാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ബി ജെ പി അറിയിച്ചു. 60 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഞായറാഴ്ച പാര്‍ട്ടി പ്രഖ്യാപിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് തന്റെ പരമ്പരാഗത മണ്ഡലമായ ഹിന്‍ഗാംഗ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മണിപ്പൂരില്‍ അധികാരത്തിലുള്ള ബി ജെ പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മണിപ്പൂരില്‍ സമാധാനത്തോടെയും വികസനത്തോടെയുമാണ് ബി ജെ പി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. മണിപ്പൂരില്‍ 60 സീറ്റുകളിലും പാര്‍ട്ടി ശക്തമായി പോരാടും. എല്ലാ സീറ്റുകളിലും തങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ പേര് നിശ്ചയിച്ചുവെന്ന് ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ദീര്‍ഘകാലമായി ബി ജെ പിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കാണ് കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കിയിരിക്കുന്നത്. കായികം, ഭരണം, അക്കാദമിക് മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ടെന്ന് ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

അതേസമയം, മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ഇക്കുറി മണിപ്പൂരില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. സി പി ഐ എം, സി പി ഐ, ജനതാദള്‍, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തികരിച്ചുവെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയിച്ചിട്ടുണ്ട്. ബി ജെ പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് പാര്‍ട്ടികള്‍ കൈകോര്‍ത്തിരിക്കുന്നത്. സി പി ഐയുമായി സൗഹൃദ മത്സരം നടക്കാന്‍ സാധ്യതയുള്ള കാക്കിങ് ഒഴികെ ബാക്കിയുള്ള 59 നിയമസഭാ സീറ്റുകളിലും പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് സഖ്യം തീരുമാനിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ സി പി ഐ 2 സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. 2017 ലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നു. 28 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് ജയിച്ചത്. എന്നാല്‍ 21 സീറ്റുകള്‍ നേടിയ ബി ജെ പി 4 വീതം സീറ്റുകള്‍ നേടിയ നാഗാ പീപ്പീള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങിയവുടെ സഹായത്തോടെ അധികാരം പിടിക്കുകയായിരുന്നു. എല്‍ ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്തര്‍ എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചു. അംഗങ്ങളുടെ കൂറുമാറ്റം കാരണം നിലവില്‍ 14 എം എല്‍ എമാര്‍ മാത്രമാണ് മണിപ്പൂരില്‍ കോണ്‍ഗ്രസിനുള്ളത്. ബി ജെ പിയുടേത് ആവട്ടെ 21 ല്‍ നിന്നും 28 ആയി ഉയരുകയും ചെയ്തു.

പ്രമുഖരായ നിരവധി നേതാക്കളാണ് കഴിഞ്ഞ 5 വര്‍ഷക്കാലയളവിനുള്ളില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് കൂടുമാറിയത്. മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇക്കുറി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. മാര്‍ച്ച് മൂന്നിന് രണ്ടാം ഘട്ടവും നടക്കും. മാര്‍ച്ച് 10നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. അതേസമയം സര്‍വേകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസും ബി ജെ പിയും ഇഞ്ചോടിഞ്ച് മത്സരമാണ് സംസ്ഥാനത്ത് കാഴ്ച വെക്കുന്നത് എന്നാണ് പ്രവചിക്കുന്നത്.

ബി ജെ പിയും കോണ്‍ഗ്രസും യഥാക്രമം 36%, 33% വോട്ട് വിഹിതം നേടുമെന്നാണ് എ ബി പി-സി വോട്ടര്‍ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ബി ജെ പിക്ക് തനിച്ച് 25 സീറ്റുകള്‍ വരെ സര്‍വ്വേ പ്രവചിക്കുമ്പോള്‍ 24 സീറ്റുകള്‍ വരേയാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. എന്‍ പി എഫിന് 4 സീറ്റുകള്‍ വരേയും മറ്റ് പാര്‍ട്ടികള്‍ക്ക് 7 സീറ്റുകള്‍ വരേയും സര്‍വ്വേ പ്രവചിക്കുന്നുണ്ട്. സ്വതന്ത്രരടക്കമുള്ള മറ്റുള്ളവരും ചെറുകക്ഷികളും വിജയിക്കുന്ന സീറ്റുകള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും.












Click it and Unblock the Notifications