തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മണിപ്പൂരില്‍ സ്‌ഫോടനം; 6 വയസുകാരനുള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മരണം. ശനിയാഴ്ച വൈകുന്നേരം മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് വയസുകാരനുള്‍പ്പെടെയാണ് രണ്ട് പേര്‍ മരിച്ചത്. ഗാംഗ്പിമുവല്‍ ഗ്രാമത്തില്‍ രാത്രി 7.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം ആകസ്മികമായി ഉണ്ടായതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സമീപത്തെ ബി എസ് എഫ് ഫയറിംഗ് റേഞ്ചില്‍ നിന്ന് പ്രദേശവാസികള്‍ പൊട്ടിത്തെറിക്കാത്ത മോര്‍ട്ടാര്‍ ഷെല്‍ എടുത്തതിന് ശേഷമാണ് സ്‌ഫോടനം സംഭവിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം വീടിന് നേരെ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകളോ വിഘടനവാദികളോ ഏറ്റെടുത്തിട്ടില്ലെന്ന് ജില്ലാ കമ്മീഷണറും ജില്ലാ സൂപ്രണ്ടും വ്യക്തമാക്കി.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും പരിക്കേറ്റ ഏഴ് പേരെ ജില്ലാ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരുന്നു.ഇവരില്‍ ആറ് വയസുകാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിന്നീട് മരണത്തിന് കീഴടങ്ങി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 6 വയസുള്ള മംഗ്മിന്‍ലാല്‍, 22 വയസുള്ള ലങ്ഗിന്‍സാങ് എന്നിവരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. മണിപ്പൂര്‍ പൊലീസ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് മോര്‍ട്ടാര്‍ ഷെല്ലിന്റെ ഒരു ഫിന്‍ യൂണിറ്റും ചില ചില്ലുകളും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 18 കാരനായ ലിയാന്‍സുലാല്‍, 28 കാരനായ മന്‍ലാഡിയ, 19 കാരനായ സിംയാംബോയ്, 15 കാരനായ മുവന്‍ബിയാക്മുന്‍, 34 കാരനായ തങ്ബിയാക്ലുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരില്‍ ചിലരെ തുടര്‍ ചികിത്സയ്ക്കായി ഇംഫാലിലേക്ക് മാറ്റിയിട്ടുണ്ട്. മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് 48 മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സ്‌ഫോടനം. ജനുവരി എട്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് മണിപ്പുരില്‍ ഇത്തരമൊരു അനിഷ്ട സംഭവം ഉണ്ടാകുന്നത്.
ഫെബ്രുവരി 28 നും മാര്‍ച്ച് 5 നും രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അറുപതംഗ നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 10 ന് ഫലം പ്രഖ്യാപിക്കും.












Click it and Unblock the Notifications