മുഖ്യമന്ത്രിയുടെ ആസ്തി കുറഞ്ഞു; ഉപമുഖ്യമന്ത്രിയുടേത് ഇരട്ടിയായി, വ്യസ്തമായ കണക്കുകള്‍
ഇംഫാല്‍: സാധാരണ രാഷ്ട്രീയ നേതാക്കളുടെ ആസ്തി വര്‍ധിച്ച കണക്കുകളാണ് പുറത്ത് വരാറുള്ളത്. മണിപ്പൂരില്‍ നിന്ന് മറിച്ചാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എന്‍ ബിരേന്‍ സിങിന്റെ ആസ്തി കഴിഞ്ഞ അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കുറഞ്ഞു. നാല് ലക്ഷം രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. അതേസമയം, ഉപമുഖ്യമന്ത്രി യുമ്മം ജോയ്കുമാര്‍ സിങിന്റെ ആസ്തി ഇരട്ടിയായി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്. മണിപ്പൂരില്‍ തിങ്കളാഴ്ചയാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. മാര്‍ച്ച് അഞ്ചിനാണ് അടുത്ത ഘട്ടം. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കും. 40 സീറ്റിലധികം നേടി അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാല്‍ ഭരണം പിടിക്കുമെന്ന് പ്രതിപക്ഷവും അവകാശപ്പെടുന്നു.

മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ ആസ്തി 2017ലെ കണക്കുകള്‍ പ്രകാരം 1.52 കോടിയായിരുന്നു. ഇത്തവണ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത് 1.48 കോടിയാണ്. നാല് ലക്ഷത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഉപമുഖ്യമന്ത്രി ജോയ്കുമാര്‍ സിങിന്റെ ആസ്തി 2017ല്‍ 2.29 കോടി രൂപയായിരുന്നു. ഇത് 5.05 കോടി രൂപയായി വര്‍ധിച്ചു. മണിപ്പൂര്‍ നിയമസഭയില്‍ 60 സീറ്റുകളാണുള്ളത്. 60 എംഎല്‍എമാരുടെയും ആസ്തിയിലുണ്ടായ മാറ്റം എഡിആര്‍ പരിശോധിച്ചു.
53 എംഎല്‍എമാരുടെ ആസ്തിയില്‍ ഒരു ശതമാനം മുതല്‍ 168 ശതമാനം വരെ വര്‍ധനവുണ്ടായി. ഏഴ് എംഎല്‍എമാരുടെത് കുറയുകയാണ് ചെയ്തത്. 3 ശതമാനം മുതല്‍ 34 ശതമാനം വരെ കുറവ് ഈ ഏഴ് പേരില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 30 ബിജെപി എംഎല്‍എമാരുടെ ആസ്തി ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 13 കോണ്‍ഗ്രസ് എംഎല്‍എമാരുടെത് 70 ശതമാനം വര്‍ധിച്ചു. അഞ്ച് ജെഡിയു എംഎല്‍എമാരുടേത് വരുമാനം ഇരട്ടിയായി എന്നും രേഖകള്‍ പറയുന്നു. പ്രാദേശിക പാര്‍ട്ടിയായ എന്‍പിഎഫിന്റെ അഞ്ച് എംഎല്‍എമാരുടെ ആസ്തി 100 ശതമാനത്തില്‍ കൂടുതലാണ് വര്‍ധിച്ചിരിക്കുന്നത്.
ബിജെപി ഇത്തവണയും വലിയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് പ്രധാന ചര്‍ച്ചാ വിഷയമാണ് സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം. എല്ലാ പാര്‍ട്ടികളും അഫ്‌സ്പ പിന്‍വലിക്കണം എന്ന നിലപാടുകാരാണ്. ഭരണകക്ഷിയായ ബിജെപി ഇതുവരെ നിലപാട് എടുത്തിട്ടില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചു. ബിജെപിയുടെ മികച്ച ഭരണമാണ് അഫ്‌സ്പ പിന്‍വലിക്കാനുള്ള പശ്ചാത്തലം ഒരുക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിമത സംഘങ്ങളുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടുകള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായ മണിപ്പൂരില്‍ സായുധ സംഘങ്ങളെ നേരിടാനെന്ന പേരിലാണ് അഫ്‌സ്പ നടപ്പാക്കിയത്. പിന്നീട് ഘട്ടങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നീട്ടുകയായിരുന്നു.












Click it and Unblock the Notifications