മണിപ്പൂർ സംഘർഷം; ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി, സർക്കാർ സമ്പൂർണ പരാജയമെന്ന്
ഡൽഹി: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കോൺറാഡ് സാങ്മയുടെ നാഷ്ണൽ പീപ്പിൾസ് പാർട്ടി. സംഘർഷം നിയന്ത്രിക്കുന്നതിൽ ബീരേൻ സിംഗ് സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച കത്തിൽ എൻപിപി കുറ്റപ്പെടുത്തി. സംഘർഷത്തിൽ പ്രതിപക്ഷം ബിജെപിക്കെതിരെ വിമർശനം കടുപ്പിക്കുന്നതിനിടയിലാണ് കനത്ത തിരിച്ചടി നൽകി സഖ്യകക്ഷിയുടെ പിൻമാറ്റം. അതേസമയം എൻപിപിയുടെ പിൻമാറ്റം സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ല. 60 അംഗ നിയമസഭയിൽ ബിജെപിക്ക് 32 സീറ്റുകൾ ഉണ്ട്. 7 സീറ്റുകളാണ് എൻപിപിക്ക് ഉള്ളത്.

കഴിഞ്ഞാഴ്ചയുണ്ടായ സംഘർഷത്തിനിടെ കാണാതായ സ്ത്രീകളുടേയും കുട്ടികളുടേയും മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂരിൽ സംഘർഷം രൂക്ഷമായത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയായിരുന്ന മെയ്തി വിഭാഗത്തിൽ നിന്നുള്ള സ്ത്രീകളാണ് കൊലപ്പെട്ടത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ ഇടപെടൽ തേടി വൻജനകൂട്ടമാണ് തെരുവിലിറങ്ങിയത്. . ആൾക്കൂട്ടം കെട്ടിടങ്ങളും വീടുകളും തകർക്കുകയും പള്ളികൾക്കടക്കം തീവെയ്ക്കുകയും ചെയ്തു. മന്ത്രിമാരുടേയും എംഎൽഎമാരുടേയും വസതിയിലേക്ക് ഇരച്ചെത്തിയ ആൾക്കൂട്ടം കൈയ്യിൽ കിട്ടിയതെല്ലാം നശിപ്പിച്ചു. പല ബിജെപി നേതാക്കളുടെ വീടുകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ ഇംഫാലിലുള്ള സ്വകാര്യ വസതിയും ആൾക്കൂട്ടം ആക്രമിച്ചു.
24 മണിക്കൂറിനുള്ളിൽ കടുത്ത നടപടിയുണ്ടാകണമെന്ന അന്ത്യശാസനമാണ് മെയ്തി സംഘടനകൾ മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്. അതേസമയം സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി ദില്ലിയിലേക്ക് തിരിച്ചു. അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തതായാണ് വിവരം. നാളെ 12 ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇംഫാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി. ക്രമസമാധാന നില തകർക്കുന്ന തരത്തിൽ വിദ്വേഷ പ്രസംഗങ്ങളും വീഡിയോകളും ചിത്രങ്ങളുമെല്ലാം പ്രചരിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് നടപടിയന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. അക്രമ സംഭവങ്ങളിൽ ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 20 ദിവസങ്ങൾക്കിടെ കുക്കി-മെയ്തെയ് വിഭാഗങ്ങളിലെ 20 ഓളം പേരാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ജിരിബാം മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 11 പേരാണ് സായുധ സേനയുടെ വെടിയേറ്റ് മരിച്ചത്.












Click it and Unblock the Notifications