മണിപ്പൂരില്‍ ആൾക്കൂട്ടം നഗ്നരാക്കിയ യുവതികളിൽ ഒരാൾ സൈനികന്റെ ഭാര്യ; 'തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി'
ഇംഫാൽ: മണിപ്പൂരിൽ ആൾക്കുട്ടം നഗ്നരാക്കി നടത്തിയ യുവതികളിൽ ഒരാൾ മുൻ സൈനികന്റെ ഭാര്യ. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പൊരുതിയ സൈനികന്റെ ഭാര്യയാണ് ആക്രമിക്കപ്പെട്ടത്. രാജ്യത്തെ സംരക്ഷിച്ച തനിക്ക് ഭാര്യയേയും നാട്ടുകാരേയും സംരക്ഷിക്കാൻ സാധിച്ചില്ലെന്നും ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിൽ തുടരുകയാണെന്നും സൈനികൻ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
മെയ് 4 നായിരുന്നു കുക്കി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ മെയ്തേയ് വിഭാഗക്കാരായ ആൾക്കൂട്ടം നഗ്നരാക്കി നടത്തിച്ചത്. തോക്കിൻമുനയിൽ നിർത്തി തങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു ആക്രമിക്കപ്പെട്ട സൈനികന്റെ ഭാര്യ പറയുന്നു. ' തോക്കിൻമുനയിൽ നിർത്തിയാണ് ആയിരക്കണക്കിന് വരുന്ന ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് വസ്ത്രം അഴിക്കാൻ ഞങ്ങളെ ഭീഷണിപ്പെടുത്തിയത്. വസ്ത്രം അഴിച്ചില്ലെങ്കിൽ കൊന്ന് കളയുമെന്ന് അവർ ഭീഷണുപ്പെടുത്തി. അവർ ഞങ്ങളെ കൊണ്ട് നൃത്തം ചെയ്യിച്ചു, നഗ്നരാക്കി നടത്തിച്ചു. മൃഗങ്ങളെ പോലെയാണ് അവർ ഞങ്ങളോട് പെരുമാറിയത്', സൈനികന്റെ ഭാര്യയായ 42കാരി പറഞ്ഞു.

അതേസമയം സംഭവത്തിന് ശേഷം ഭാര്യ വിഷാദ അവസ്ഥയിലേക്ക് പോയെന്നും സാധാരണ നിലയിലേക്ക് അവരെ തിരിച്ചുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് താനും മക്കളുമെന്നും സൈനികൻ പറയുന്നു. 'കാർഗിലിൽ യുദ്ധമുഖത്ത് ഞാൻ പോരാടിയിട്ടുണ്ട്. വിരമിച്ച് നാട്ടിലേക്ക് വന്നപ്പോൾ എന്റെ നാട് യുദ്ധഭൂമിയെക്കാൾ അപകടകരമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. മെയ് 3 നും നാലിനും ആയിരക്കണക്കിന് വരുന്ന ആൾക്കൂട്ടം 9 ഗ്രാമങ്ങളിലാണ് ആക്രമണം നടത്തിയത്. വീടുകൾക്ക് അവർ തീയിട്ടു, വളർത്തുമൃഗങ്ങളെ കൊന്നൊടുക്കി.
നാലിനാണ് ഞങ്ങളുടെ ഗ്രാമം അവർ ആക്രമിച്ചത്. ജീവൻ രക്ഷിക്കാനായി പലരും പല വഴിക്ക് ഓടി. രക്ഷപ്പെടുന്നതിനിടയിൽ ഭാര്യ കൂട്ടം തെറ്റി. അവർ ഗ്രാമത്തിലെ മറ്റ് നാല് പേർക്കൊപ്പം കാട്ടിലായിരുന്നു ഒളിച്ചത്. എന്നാൽ ആക്രമികളിൽ ചിലർ അവിടെയെത്തി ഭാര്യയേയും മറ്റ് നാല് പേരേയും പിടിച്ച് കൊണ്ടുപോയി. എന്റെ ഭാര്യയ്ക്കൊപ്പം മറ്റൊരു കുടുംബവുമുണ്ടായിരുന്നു(അച്ഛനും മകനും മകളും ). കാട്ടിൽ നിന്നും പുറത്തെത്തിയപ്പോൾ പോലീസ് വാഹനം കണ്ടതോടെ കുടുംബം പോലീസുകാരുടെ സഹായം തേടിയിരുന്നു. രണ്ട് ഉദ്യോഗസ്ഥരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആക്രമികൾ പോലീസുകാരിൽ നിന്നും ഇവരെ തട്ടിക്കൊണ്ട് പോകുകയായിരുന്നു
ഭാര്യയേയും മറ്റ് നാല് പേരേയും ആക്രമികൾ പിടിച്ച് കൊണ്ടുപോകുന്നത് എനിക്ക് ദൂരെ നിന്ന് കാണാമായിരുന്നു. മൂന്ന് സ്ത്രീകളെ അവർ നഗ്നരാക്കി. അക്കൂട്ടത്തിൽ ഒരു സ്ത്രീയുടെ കൈയ്യിൽ കുഞ്ഞുണ്ടായിരുന്നു. അവരെ പിന്നീട് പോകാൻ ആക്രമികൾ അനുവദിച്ചു. കൂട്ടത്തിലുണ്ടായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ആക്രമികൾ ശ്രമിച്ചപ്പോൾ അവരുടെ അച്ഛനും സഹോദരനും തടയാൻ ശ്രമിച്ചു. ഇരുവരേയും അവിടെ വെച്ച് തന്നെ ആക്രമികൾ കൊലപ്പെടുത്തി', സൈനികൻ പറഞ്ഞു.
'അക്രമികൾ പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി. സംഭവത്തിന് ശേഷം അവരെ ഉപേക്ഷിച്ച് ആക്രമികൾ കടന്നു. ഇതോടെ അവരുടെ ആൺ സുഹൃത്ത് വന്ന് പെൺകുട്ടിയെ കൊണ്ടുപോയി. രാത്രി നാഗ ഗ്രാമത്തിൽ വെച്ചാണ് താൻ ഭാര്യയെ കാണുന്നത്', സൈനികൻ പറഞ്ഞു.












Click it and Unblock the Notifications