മണിപ്പൂരിൽ 59 എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു;മുഖ്യമന്ത്രിയിൽ അനിശ്ചിതത്വം തുടരുന്നു
ദില്ലി; മണിപ്പൂരിൽ 59 നിയുക്ത എം എൽ എമാർ സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടേം സ്പീക്കർ സോറോഖൈബാം രജെൻ സിംഗാണ് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് ബിരേൻ സിംഗ് സർക്കാർ രാജിവെച്ചത്. അതേസമയം മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇപ്പോഴും മണിപ്പൂരിൽ സസ്പെൻസ് തുടരുകയാണ്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തി കാണിക്കാതെയായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബിരേൻ സിംഗിനെതിരെ പാർട്ടിയിൽ തന്നെ പടയൊരുക്കങ്ങൾ ഉണ്ടായ സാഹചര്യത്തിലായിരുന്നു ബി ജെ പിയുടെ നീക്കം. അതിനിടെ ബി ജെ പി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച് കൊണ്ടുള്ള ഫലമാണ് മണിപ്പൂരിൽ ഉണ്ടായത്. മുപ്പത്തിയൊന്ന് സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എൻ പി പി ആയിരുന്നു രണ്ടാം സ്ഥാനത്ത്.

ഫലം അനുകൂലമായതോടെ ബിരേൻ സിംഗിനെ തന്നെ മുഖ്യമന്ത്രിയായി നിയമിക്കണമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ ആവശ്യം. ബിരേൻ സർക്കാരിന്റെ പ്രവർത്തനങ്ങളാണ് പാർട്ട് ഭരണ തുടർച്ച നേടിതന്നതെന്നും ഇവർ പറയുന്നു. മുൻ കോൺഗ്രസ് നേതാവായ ബിരേൻ സിംഗ് 2017 നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ബി ജെ പി വിട്ട് കോൺഗ്രസിൽ എത്തിയത്.
അതേസമയം ബിരേൻ സിംഗ് അല്ലേങ്കിൽ തോംഗം ബിശ്വജിത്ത്, കോന്തൗജം ഗോവിന്ദാസ് എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. അതിനിടെ ഉത്തരാഖണ്ഡിലും ഗോവയിലും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം തുരുന്നുണ്ട്. ഉത്തരാഖണ്ഡിൽ നിലവിലെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഗോവയിൽ ആകട്ടെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നിറം മങ്ങിയ വിജയമാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തെ കുഴപ്പിക്കുന്നത്.
അതിനിടെ യു പിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ് . ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ പുതുമുഖങ്ങൾക്ക് മന്ത്രിസഭയിൽ കൂടുതൽ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഇക്കുറി 10 മന്ത്രിമാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പരാജയപ്പെട്ടിരുന്നു. അതേസമയം അദ്ദേഹത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications