മണിപ്പൂർ കലാപം:ആരും അവകാശം ഉന്നയിക്കാത്ത മൃതദേഹങ്ങൾ നുഴഞ്ഞുകയറ്റക്കാരുടേതെന്ന് കേന്ദ്രം
ഡൽഹി: മണിപ്പൂരിൽ ആരും അവകാശം ഉന്നയിക്കാത്ത മൃതദേഹങ്ങൾ പ്രത്യേക ഉദ്ദേശത്തോടെ നുഴഞ്ഞുകയറിയവരുടേതെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയായിരുന്നു എസ് ജി തുഷാർ മെഹ്ത കോടതിയിൽ ഇക്കാര്യം പറഞ്ഞത്. അതേസമയം അവിടെ ബലാത്സംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും നമ്മുടെ ആളുകളല്ലേയെന്നായിരുന്നു സുപ്രീം കോടതിയുടെ മറുചോദ്യം. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
മൃതദേഹങ്ങൾ തിരിച്ചറിയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ച് കോടതിയെ വിവരം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 'മണിപ്പൂരിലെ ആളുകളുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏതെങ്കിലും നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ടോ?അവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തോ? അവരെ തിരിച്ചറിഞ്ഞിട്ടുണ്ടോ?, അതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്?', കോടതി ചോദിച്ചു.

ഗോത്ര വിഭാഗത്തിൽപ്പെടുന്ന 118 പേരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ ആണെന്ന് മുതിർന്ന അഭിഭാഷകനായ ഗോൺസാൽവസ് സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ അത്രയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എത്ര മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്ര മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ടെന്നും സംബന്ധിച്ച വിശദ വിവരങ്ങൾ ഓഗസ്റ്റ് 7ന് കോടതിയെ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇരകൾക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും എന്ത് തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു.
'കോടതി തിങ്കളാഴ്ച ചേരുമ്പോൾ നഷ്ടപരിഹാരം സംബന്ധിച്ചുള്ള വിശദാംശങ്ങൾ അറിയിക്കണം. കാരണം വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മണിപ്പൂരുമായി ബന്ധപ്പെട്ട കോടതി നിയോഗിക്കാൻ പോകുന്ന കമ്മിറ്റിയുടെ പ്രധാന അജണ്ടകളിൽ ഒന്നുകൂടിയായിരിക്കും ഇത്.എന്താണ് പാക്കേജ്, എങ്ങനെയാണ് അത് വിതരണം ചെയ്യുക, നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ വിവരങ്ങൾ പട്ടികപ്പെടുത്തുന്നതിന് ആരെയാണ് ചുമതലപ്പെടുത്തുന്നത് തുടങ്ങിയ കാര്യങ്ങൾ അറിയിക്കണം', കോടതി പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരാൾക്ക് 10 ലക്ഷം വീതം ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു മാസം മുൻപ് പ്രഖ്യാപിച്ചെങ്കിലും അവ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് ഗോണഅസാൽവസ് കോടതിയിൽ പറഞ്ഞു. എന്നാൽ ഇത് ആർക്കൊക്കെ നൽകണമെന്നത് സംബന്ധിച്ച് ചില മാനദണ്ഡലങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.












Click it and Unblock the Notifications