മണിപ്പൂർ സന്ദർശനം, പത്ര സമ്മേളനം: പിന്നാലെ ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി പൊലീസ്
ഡല്‍ഹി: മുതിർന്ന സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചതിന് പിന്നാലെ സർക്കാറിനെതിരായി നടത്തിയ പരാമർശങ്ങളെ തുടർന്ന് ഇംഫാല്‍ പൊലീസാണ് സിപിഐ നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ആനി രാജയക്ക് പുറമെ ദേശിയ വനിതാ ഫെഡറേഷൻ നേതാവ് നിഷ സിദ്ദു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവർക്ക് എതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മണിപ്പൂരിലേത് സർക്കാർ സ്പോൺസെഡ് കലാപമാണെന്ന് ആനി രാജ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവന കലാപത്തിന് കൂടുതല്‍ എണ്ണ പകരുന്നതാണെന്ന വാദം ഉയർത്തിയാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നത്. മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തിൽ പെട്ട വനിതകൾ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമർശത്തിനെതിരെയും കേസുണ്ട്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത വിവരം അറിയുന്നതെന്ന് ആനി രാജ വ്യക്തമാക്കി. കേസെടുത്തത് കൊണ്ട് പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ല. പൊലീസ് നടപടിക്കെതിരായി നിയമ പോരാട്ടം നടത്തും. കേന്ദ്ര സർക്കാർ കൂടി പങ്കാളിയായ ഹിഡൻ അജണ്ടയാണ് മണിപ്പൂരില്‍ നടപ്പിലാക്കുന്നത്. മാധ്യമങ്ങള്‍ പോലും റിപ്പോർട്ട് ചെയ്യാത്ത മണിപ്പൂരിലെ ചില വസ്തുതകള്‍ പുറത്ത് പറഞ്ഞു എന്നുള്ളതാണ് അവരെ ചൊടിപ്പിച്ചിട്ടുള്ളതെന്നും ആനി രാജ വ്യക്തമാക്കി.
നാല് ദിവസം മണിപ്പൂരില്‍ ചെലവഴിക്കാൻ സാധിച്ചതിൽ നിന്ന് കലാപത്തിന് ഉത്തരവാദികൾ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരാണെന്ന് ബോധ്യമായെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ആനി രാജ ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി മുതൽ സാമൂഹിക ലഹളയ്ക്കുള്ള സാധ്യതകൾ മണിപ്പൂരിൽ എരിഞ്ഞ് തുടങ്ങിയിരുന്നു. തലസ്ഥാനമായ ഇംഫാലിൽ സ്ഥലം കൈയ്യേറി എന്ന് ആരോപിച്ച് സർക്കാർ തന്നെ പള്ളികൾ പൊളിച്ചുമാറ്റിയതും സ്ഥിതിഗതികൾ രൂക്ഷമാക്കിയിരുന്നുവെന്നും അവർ പറഞ്ഞു.
കൃത്യമായ രേഖകൾ കൈവശംവച്ച ദേവാലയങ്ങളാണ് സർക്കാർ പൊളിച്ചുമാറ്റിയത്. അന്ന് തന്നെ മണിപ്പൂരിൽ പ്രശ്നങ്ങൾ തലപ്പൊക്കിയിരുന്നു. പിന്നീട് കലാപം ആരംഭിച്ചതിന് പിന്നാലെ മെയ്തി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സ്പർദ വളർത്തുന്നതിനാണ് ബിജെപി സർക്കാർ ശ്രമിച്ചതെന്നും ആനി രാജ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ വിഭാഗീയത മറയാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന നിലപാടിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും ഒരു അഭിപ്രായവും സ്വീകരിക്കാതെ ഏകവ്യക്തി നിയമമെന്ന ചർച്ച ഉയർത്തിപ്പിടിക്കുന്നത് 2024ലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്നും ആനി രാജ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications