മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു, ഒരിടത്ത് കര്‍ഫ്യൂ
ഇംഫാല്‍: ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ശനിയാഴ്ച വൈകുന്നേരം തലസ്ഥാനത്ത് പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള അക്രമാസക്തമായ പ്രതിഷേധങ്ങളെയും ഏറ്റുമുട്ടലുകളെയും തുടര്‍ന്ന് മണിപ്പൂരിലെ താഴ്വര ജില്ലകളില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബിഷ്ണുപൂര്‍ ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, തൗബല്‍, കാക്ചിംഗ് എന്നീ താഴ്വര ജില്ലകളില്‍ അഞ്ചോ അതിലധികമോ ആളുകളുടെ സഞ്ചാരം നിരോധിച്ചുകൊണ്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന്റെയും കര്‍ഫ്യൂവിന്റെയും നിരോധന ഉത്തരവുകളുടെയും പകര്‍പ്പുകള്‍ മണിപ്പൂര്‍ പൊലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ചു.

''മണിപ്പൂര്‍ സംസ്ഥാനത്തെ, പ്രത്യേകിച്ച് ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബല്‍, കാക്ചിംഗ്, ബിഷ്ണുപൂര്‍ ജില്ലകളിലെ നിലവിലുള്ള ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത്, ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയയെ വ്യാപകമായി ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ വീഡിയോ സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും ഇത് മണിപ്പൂര്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുമെന്നും ആശങ്കയുണ്ട്.' മണിപ്പൂര്‍ കമ്മീഷണറും ആഭ്യന്തര സെക്രട്ടറിയും പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
സോഷ്യല്‍ മീഡിയ വഴിയും മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിച്ചുള്ള സന്ദേശങ്ങള്‍ വഴിയും പ്രകോപനപരമായ കാര്യങ്ങള്‍ പ്രചരിക്കുന്നതും തെറ്റായ കിംവദന്തികള്‍ പ്രചരിക്കുന്നതും മൂലം ജീവഹാനി സംഭവിക്കാനും പൊതു/സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാകാനും പൊതു സമാധാനത്തിനും സാമുദായിക ഐക്യത്തിനും തടസ്സമുണ്ടാകാനും സാധ്യതയുള്ളതിനാല്‍ ജൂണ്‍ 7 മുതല്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
മെയ്തി ഗ്രൂപ്പായ അരാംബായ് ടെങ്കോളിന്റെ അഞ്ച് വളണ്ടിയര്‍മാരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാര്‍ പോലീസ് പോസ്റ്റ് ആക്രമിച്ചു. അറസ്റ്റിലായവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരം ഇംഫാല്‍ വെസ്റ്റിലെ ക്വാകിതെല്‍ പോലീസ് ഔട്ട്പോസ്റ്റില്‍ ജനക്കൂട്ടം അതിക്രമിച്ചു കയറി.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന നിരവധി റൗണ്ട് വെടിവച്ചു. സംഭവത്തില്‍, രണ്ട് പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പല സ്ഥലങ്ങളിലും പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. അതേസമയം, കുക്കി-സോ വഭാഗത്തിലുള്ളയാളെ അറസ്റ്റ് ചെയ്തതിനെതിരെ നിവാസികള്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് ടെങ്നൗപാലിലെ മലയോര ജില്ലയായ മൊറേയിലെ അന്താരാഷ്ട്ര അതിര്‍ത്തി പട്ടണം ശനിയാഴ്ച അടച്ചിട്ടു.












Click it and Unblock the Notifications