നാഗാ സ്ത്രീ കൊല്ലപ്പെട്ടു; 12 മണിക്കൂര്‍ ബന്ദുമായി നാഗാ സംഘടനകള്‍, അശാന്തത തുടര്‍ന്ന് മണിപ്പൂര്‍
ഇംഫാല്‍: സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ നാഗാ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ ബന്ദ് ആചരിച്ച് നാഗാ സംഘടനകള്‍. മണിപ്പൂരിലെ നാഗാ ആധിപത്യമുള്ള ജില്ലകളില്‍ ആണ് തിങ്കളാഴ്ച 12 മണിക്കൂര്‍ ബന്ദ് ആചരിച്ചത്. കൊലപാതകികള്‍ക്കെതിരെ അടിയന്തര നടപടി വേണം എന്ന് നാഗാ സംഘടനകള്‍ ആവശ്യപ്പെട്ടു. ബന്ദിനെ തുടര്‍ന്ന് ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടഞ്ഞുകിടന്നു.
മാരിംഗ് നാഗ സമുദായത്തില്‍പ്പെട്ട ലൂസി മാരിംഗ് എന്ന മധ്യവയസ്‌കയെ ആണ് ശനിയാഴ്ച രാത്രി മെയ്തി ആധിപത്യമുള്ള ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അവളുടെ മുഖം വികൃതമായ നിലയിലായിരുന്നു. കുക്കി വിഭാഗത്തില്‍പ്പെട്ടയാളാണ് എന്ന് കരുതി മെയ്തി വിഭാഗക്കാര്‍ കൊലപ്പെടുത്തിയതാണ് ഇവരെ എന്നാണ് ആരോപണം.

ലൂസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് സ്ത്രീകളടക്കം ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രിയാണ് യുണൈറ്റഡ് നാഗ കൗണ്‍സില്‍ (യുഎന്‍സി) ബന്ദ് പ്രഖ്യാപിച്ചത്. തങ്ങളുടെ ആവശ്യം അടുത്ത 48 മണിക്കൂറിനുള്ളില്‍ നിറവേറ്റിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും യുണൈറ്റഡ് നാഗ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.
സംഭവത്തില്‍ യുണൈറ്റഡ് നാഗ കൗണ്‍സില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. 'മെയ്തികളും കുക്കികളും തമ്മിലുള്ള ദൗര്‍ഭാഗ്യകരമായ സംഘട്ടനങ്ങളുടെ തുടക്കം മുതല്‍ സമാധാനം നിലനില്‍ക്കണമെന്നാണ് യുണൈറ്റഡ് നാഗ കൗണ്‍സില്‍ ആഗ്രഹിച്ചത്. ഈ സംഘട്ടനത്തിലേക്ക് ഞങ്ങളെ വലിച്ചിഴയ്ക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷിപ്ത താല്‍പ്പര്യ കക്ഷികളെ ഒഴിവാക്കില്ല.
ഞങ്ങളെ പ്രകോപിപ്പിച്ച എല്ലാവരുടെയും സമീപകാല പ്രവൃത്തികളെ ക്ഷമയോടെ ഉള്‍ക്കൊള്ളുന്നത് ബലഹീനതയുടെ അടയാളമായി കണക്കാക്കരുത്,' എന്നാണ് യുണൈറ്റഡ് നാഗ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞത്. അതേസമയം രണ്ട് മാസത്തിലേറെയായി സംസ്ഥാനത്ത് തുടരുന്ന മെയ്തി-കുക്കി സംഘര്‍ഷത്തിനിടെ നാഗാ സ്ത്രീ കൊല്ലപ്പെട്ടത് മണിപ്പൂര്‍ പൊലീസിനെയും ആശങ്കയിലാക്കി.
സംസ്ഥാനത്തെ നാഗാ പ്രദേശങ്ങളില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ സത്വര നടപടി സ്വീകരിക്കുകയാണ് പൊലീസ്. സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളില്‍ ഇതുവരെ 142-ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. 60,000-ത്തിലധികം ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒന്നിലേറെ തവണ സംസ്ഥാനം സന്ദര്‍ശിച്ചിട്ടും സ്ഥിതിഗതികള്‍ പഴയപടിയാക്കാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍ അതൃപ്തരാണ് മണിപ്പൂര്‍ ജനതയും.












Click it and Unblock the Notifications