മനീഷ് സിസോദിയയെ സിബിഐക്ക് പിന്നാലെ ഇഡിയും അറസ്റ്റ് ചെയ്തു
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സിസോദിയ തിഹാർ ജയിലിലാണ്.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപ മുഖ്യമന്ത്രി വീണ്ടും അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സിസോദിയ തിഹാർ ജയിലിലാണ്. ജയിലിലെത്തി ഇഡി അധികൃതർ സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതേ കേസിൽ സിബിഐയാണ് ആദ്യം സിസോദിയയെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച തിഹാർ ജയിലിനുള്ളിൽ ഇഡി ഉദ്യോഗസ്ഥർ മനീഷ് സിസോദിയയെ 45 മിനിറ്റ് ചോദ്യം ചെയ്തതായി ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. തിഹാർ ജയിലിൽ രാവിലെ 10.15 മുതൽ 11 വരെയാണ് ചോദ്യം ചെയ്തത്. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. മാർച്ച് 20 വരെയാണ് ജുഡീഷ്യൽ കസ്റ്റഡി. സിസോദിയയുടെ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെയായിരുന്നു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അതിനിടെ സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യൂ കോടതി നാളെ പരിഗണിക്കും.
സിബിഐ കേസിൽ ഒന്നാംപ്രതിയാണ് മനീഷ് സിസോദിയ. ഈയിടെ അറസ്റ്റിലായവരിൽ നിന്നും ലഭിച്ച ഇലക്ട്രോണിക് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യലും അറസ്റ്റും. മദ്യനയവുമായി ബന്ധപ്പെട്ടും ദിനേഷ് അറോറ ഉൾപ്പെടെ എഫ്ഐആറിൽ പ്രതിചേർത്തിട്ടുള്ളവരുമായി സിസോദിയയ്ക്കുള്ള ബന്ധത്തെ കുറിച്ചു സിബിഐ ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ സിസോദിയയുടെ മറുപടിയിൽ സിബിഐ ഉദ്യോഗസ്ഥർ തൃപ്തരായിരുന്നില്ലെന്നും ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നുമാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുgകൾ വന്നിരുന്നു.












Click it and Unblock the Notifications