കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി; ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് ടിക്കറ്റ്... വിമതരുടെ ആവശ്യം തള്ളി
ജയ്പൂര്‍: സുപ്രധാന തീരുമാനങ്ങളുമായി കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ദേശീയ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദേശം നടപ്പാക്കാന്‍ ധാരണയിലെത്തി. മാത്രമല്ല, ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മല്‍സരിക്കാന്‍ അവസരം നല്‍കിയാല്‍ മതി എന്ന നിര്‍ദേശവും അംഗീകരിച്ചു. അതേസമയം, ഇക്കാര്യത്തില്‍ ചില ഉപ നിര്‍ദേശങ്ങളുമുണ്ട്. അതായത്, അഞ്ച് വര്‍ഷം പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചവര്‍ക്ക് കുടുംബത്തിലെ മറ്റുള്ളവര്‍ മല്‍സര രംഗത്തുണ്ടെങ്കിലും തടസമാകില്ല. ഗാന്ധി കുടുംബത്തിന് ഇതോടെ പ്രതിസന്ധിയുണ്ടാകില്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെല്ലാം പ്രവര്‍ത്തന രംഗത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവരാണ്.
അതേസമയം, പ്രായ പരിധി നിശ്ചയിക്കണമെന്ന ആവശ്യം ചിന്തന്‍ ശിബിരം തള്ളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് സമിതിക്ക് പകരം പഴയ പാര്‍ലമെന്ററി ബോര്‍ഡ് പുനഃസ്ഥാപിക്കണമെന്ന വിമത നേതാക്കളുടെ ആവശ്യത്തിന് മതിയായ പിന്തുണ ലഭിച്ചില്ല. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും രാഷ്ട്രീയ കാര്യ സമിതി രൂപീകരിക്കണമെന്ന നിര്‍ദേശത്തിനാണ് പിന്തുണ ലഭിച്ചത്.

പാര്‍ലമെന്ററി ബോര്‍ഡ് വേണമെന്ന നിര്‍ദേശം തള്ളണമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. ദേശീയ അധ്യക്ഷന്റെ അധികാരം കുറയ്ക്കുന്നതാണ് പാര്‍ലമെന്ററി ബോര്‍ഡ്. അതുകൊണ്ടുതന്നെ ബോര്‍ഡ് ആവശ്യമില്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. 1991ല്‍ പിവി നരസിംഹ റാവു പ്രധാനമന്ത്രിയായ വേളയിലാണ് പാര്‍ലമെന്ററി ബോര്‍ഡ് പിരിച്ചുവിട്ടത്. ശേഷം ലോക്‌സഭാ, നിയമസഭാ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയാണ്. ഈ സമിതി തുടരും.
കോണ്‍ഗ്രസിനെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതിന് പദയാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യവ്യാപക യാത്രയാകും നടത്തുക. ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് ദേശീയതലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ നടത്തുക. കോണ്‍ഗ്രസ് ഭാരവാഹികളില്‍ 50 ശതമാനം യുവജനങ്ങളായിരിക്കും. 50 വയസിന് താഴെയുള്ളവരാകും പകുതി പേര്‍.
വിശദമായ ചര്‍ച്ച നടന്നുവെന്നും പരിഹാരങ്ങള്‍ കണ്ടെത്തിയെന്നും ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. മൂന്ന് ദിവസമായി രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരം ഇന്നാണ് അവസാനിച്ചത്. വ്യത്യസ്തങ്ങളായ ചര്‍ച്ചകള്‍ നടന്നുവെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയെന്നുമാണ് തരൂര്‍ പങ്കുവച്ച ട്വീറ്റിലെ സൂചന.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് മല്‍സരിക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. ആറ് കമ്മിറ്റികളാണ് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 430 നേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications