മറാത്ത ക്വാട്ട പ്രക്ഷോഭം; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, മനോജ് ജാരംഗേ പ്രതിഷേധം അവസാനിപ്പിച്ചു
മുംബൈ: മറാത്ത ക്വാട്ട സമര നേതാവ് മനോജ് ജാരംഗേ പാട്ടീൽ നിരാഹാര സമരം അവസാനിപ്പിച്ചു. അദ്ദേഹം മുന്നോട്ട് വച്ച ആവശ്യങ്ങൾ എല്ലാം സർക്കാർ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം നിർത്തിയത്. മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് (ഒബിസി) കീഴിലുള്ള സമുദായത്തിന് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം ആവശ്യപ്പെട്ട് പാട്ടീൽ ഇന്നലെ മുതൽ മുംബൈയിൽ നിരാഹാര സമരം നടത്തിവരികയായിരുന്നു.
എല്ലാ മറാത്തകൾക്കും കുൻബി സർട്ടിഫിക്കറ്റുകൾ, കിന്റർഗാർട്ടൻ മുതൽ ബിരുദാനന്തര തലം വരെ സൗജന്യ വിദ്യാഭ്യാസം, സർക്കാർ ജോലി റിക്രൂട്ട്‌മെന്റുകളിൽ മറാത്തകൾക്ക് സീറ്റ് സംവരണം എന്നിവ ഉൾപ്പെടെ വിവിധ ആവശ്യങ്ങളാണ് പാട്ടീൽ മുന്നോട്ട് വച്ചത്. ഇതുവരെ 37 ലക്ഷം കുംബി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നും ഇത് ഇനി 50 ലക്ഷമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) സൂചിപ്പിക്കുന്നതാണ് കുൻബി.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനായി മുംബൈയിലെ ആസാദ് മൈതാനത്തേക്ക് മാർച്ച് നടത്തുമെന്ന് 40കാരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. "സർക്കാർ സമ്മതിച്ചില്ലെങ്കിൽ, ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് ഞങ്ങൾ കാണിക്കും," എന്നായിരുന്നു പാട്ടീൽ പറഞ്ഞത്. മഹാരാഷ്ട്ര സർക്കാരിലെ രണ്ട് മന്ത്രിമാർ വെള്ളിയാഴ്‌ച രാത്രിയോടെ പാട്ടീലിനെ നേരിട്ട് കണ്ടെന്നും, തങ്ങളുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതായും പ്രതിഷേധക്കാർ അറിയിച്ചു.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ പാട്ടീൽ പ്രശംസിക്കുകയും ചെയ്‌തു. "മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നല്ല രീതിയിൽ പ്രവർത്തിച്ചു. ഞങ്ങളുടെ പ്രതിഷേധം അവസാനിച്ചു. ഞങ്ങളുടെ അഭ്യർത്ഥന അദ്ദേഹം സ്വീകരിക്കുകയുണ്ടായി. അദ്ദേഹത്തിൻ്റെ കത്ത് ഞങ്ങൾ സ്വീകരിക്കും." ജാരംഗേ പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മനോജ് ജാരംഗേ സമരം ആരംഭിച്ചതിന് പിന്നാലെ മഹാരാഷ്ട്ര സർക്കാർ ജാതി സംവരണം സംബന്ധിച്ച് സർക്കാർ പ്രമേയം (ജിആർ) പുറപ്പെടുവിച്ചിരുന്നു, പിന്നാലെ മന്ത്രിമാരായ ദീപക് കേസർകറും മംഗൾ പ്രഭാത് ലോധയും മനോജ് ജരാംഗെ പാട്ടീലിന് അദ്ദേഹം മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി കാണിക്കുന്ന കത്ത് നൽകിയതോടെയാണ് സമരത്തിന് അവസാനമായത്.
മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ ഏകദേശം 33 ശതമാനം വരുന്ന മറാത്ത സമുദായം ഒരു പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയാണ്. 2019ൽ സംസ്ഥാന സർക്കാർ അവർക്ക് 16 ശതമാനം സംവരണം അനുവദിച്ചു, എന്നാൽ ഇത് സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം പരിധിക്ക് പുറത്തായിരുന്നു.
എന്നാൽ ഇതിന് അധികം ആയുസുണ്ടായിരുന്നില്ല. 2021ൽ സുപ്രീം കോടതി 16 ശതമാനം സംവരണം റദ്ദാക്കി, 50 ശതമാനം പരിധി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതിനുശേഷമാണ് സംസഥാനത്ത് പ്രതിഷേധങ്ങൾ പുനരാരംഭിച്ചത്. വിവിധ നേതാക്കളുടെയും ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ, പലപ്പോഴും അക്രമാസക്തമായ പ്രക്ഷോഭങ്ങളാണ് ഇവിടെ നടന്നത്.












Click it and Unblock the Notifications