പ്രയാഗ്‌രാജില്‍ വന്‍ ഗതാഗത തടസം; 30 മണിക്കൂറോളമായി കുടുങ്ങി കിടക്കുകയാണെന്ന് തീര്‍ത്ഥാടകര്‍
ലഖ്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയവരുടെ തിരക്ക് കാരണം പ്രയാഗ്‌രാജില്‍ വന്‍ ഗതാഗത തടസം. നൂറുകണക്കിനാളുകളാണ് പ്രയാഗ്രാജില്‍ 30 മണിക്കൂറിലേറെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. കുട്ടികളും പ്രായമായവരും അടക്കമുള്ളവരാണ് ഗതാഗത കുരുക്കില്‍പ്പെട്ടത്. അതേസമയം ഒരു ദിവസത്തിലേറെയായി റോഡില്‍ വാഹനങ്ങള്‍ തടസപ്പെട്ടിട്ടും ഗതാഗതം ഇപ്പോഴും തുടരുകയാണെന്ന് പ്രയാഗ്രാജ് ജില്ലാ ഭരണകൂടം അവകാശപ്പെട്ടു.
എന്നാല്‍ മഹാ കുംഭത്തില്‍ നിന്ന് ഇബ്രാഹിംപുരിയിലെ സവായ് ക്ഷേത്രം പാര്‍ക്കിംഗ് വഴി കാണ്‍പൂരിലേക്കോ അടുത്തുള്ള ഹൈവേയിലോ എത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കോതാരി ഗ്രാമത്തില്‍ കുടുങ്ങിയതായി ദൃക്സാക്ഷികള്‍ ദി ഹിന്ദുവിനോട് പറഞ്ഞു. ''കുടുങ്ങിക്കിടക്കുന്ന ബസുകള്‍ മാത്രമേ നമുക്ക് കാണാനാകൂ. ഇത്ര മണിക്കൂര്‍ കഴിഞ്ഞിട്ടും ഞങ്ങള്‍ക്ക് ഇതുവരെ ഹൈവേയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല,' മുംബൈ സ്വദേശിയായ മായങ്ക് മര്‍ദ പറഞ്ഞു.

ക്ഷമ നശിച്ചിരിക്കുകയാണ് എന്നും ഈ ട്രാഫിക് ജാമില്‍ നിന്ന് കരകയറാന്‍ തങ്ങളെ സഹായിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 'ജനുവരി 29 ന് വൈകുന്നേരം 4 മണിക്ക് പ്രയാഗ്രാജില്‍ നിന്ന് പുറപ്പെട്ടതാണ് ഞങ്ങള്‍. ഇവിടെ വരെ മാത്രമേ എത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ഡല്‍ഹിയിലേക്ക് പോകാന്‍ വേണ്ടി കാണ്‍പൂര്‍ ഹൈവേയില്‍ എത്താന്‍ ശ്രമിക്കുകയാണ്. നിലവില്‍ ഞങ്ങള്‍ പ്രയാഗ്രാജ് ജില്ലയിലെ കൊട്ടാരി ഗ്രാമത്തിലാണെന്ന് പ്രദേശവാസികളില്‍ നിന്ന് മനസിലായത്,' മായങ്ക് പറഞ്ഞു.
ആദ്യം പുറത്ത് കടക്കേണ്ടവരെ വിട്ടയയ്ക്കണം എന്നും അതിന് ശേഷം മാത്രം അകത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതായിരിക്കും നല്ലത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത് എന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ വരെ നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും ഗുരുഗ്രാം സ്വദേശി അനുപമ ടിക്കൂ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 150-ലധികം പേരടങ്ങുന്ന സംഘമാണ് തനിക്കൊപ്പമുള്ളത് എന്നം അനുപമ വ്യക്തമാക്കി.
'ഞങ്ങള്‍ ജനുവരി 27ന് രാത്രി വീട്ടില്‍ നിന്ന് പുറപ്പെട്ട് 28ന് പ്രയാഗ്രാജിലെത്തുകയായിരുന്നു. ഇന്നലെ ഞങ്ങള്‍ 12 കിലോമീറ്ററിലധികം നടന്ന് പാര്‍ക്കിംഗ് സ്ഥലത്തെത്തി. ആളുകള്‍ തെരുവില്‍ കിടന്നാണ് ഉറങ്ങിയത്. ഗ്രാമവാസികള്‍ ദയയുള്ളവരായതിനാല്‍ ഭക്ഷണപ്രശ്‌നമില്ല. പക്ഷേ നമ്മുടെ കൂടെ പ്രായമായവരും ഉണ്ട്. ആശങ്കയുണ്ട്. ആയിരക്കണക്കിന് ബസുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്,' അനുപമ പറഞ്ഞു.
ഒരു ഗ്രാമീണറോഡിലാണ് തങ്ങള്‍ കുടുങ്ങി കിടക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഗതാഗതം തടസപ്പെട്ടിട്ടില്ല എന്നും ബ്ലോക്കുണ്ടെങ്കിലും വാഹനങ്ങള്‍ നീങ്ങുന്നുണ്ട് എന്നുമാണ് ഡിഐജി പ്രയാഗ്രാജ്, അജയ് പാല്‍ പറയുന്നത്. ''ആളുകള്‍ മണിക്കൂറുകളോളം സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതിനെക്കുറിച്ചുള്ള നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുംഭമേള കാരണം നഗരത്തിലേക്കുള്ള വാഹനങ്ങളുടെ വരവില്‍ കാരണം രണ്ട് മണിക്കൂര്‍ മാത്രമേ ഗതാഗത തടസം നേരിട്ടിട്ടുള്ളൂ. സഹായം ആവശ്യമുള്ളവര്‍ക്ക് പൊലീസ് സഹായം നല്‍കുന്നതായിരിക്കും, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications