ബിഎസ്പി അസ്തമിക്കുന്നു; ഒറ്റപ്പെട്ട് മായാവതി... യുപിയില്‍ രണ്ടക്കം കടന്നില്ല
ന്യൂഡല്‍ഹി: 2007ല്‍ മികച്ച ഭൂരിപക്ഷത്തില്‍ ഉത്തര്‍ പ്രദേശ് ഭരിച്ച പാര്‍ട്ടിയാണ് മായാവതി നേതൃത്വം നല്‍കുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി). അക്കാലത്ത് തൊട്ടടുത്ത സംസ്ഥാനങ്ങളിലും പാര്‍ട്ടി സാന്നിധ്യമറിച്ചിയിരുന്നു. ദേശീയ പാര്‍ട്ടി എന്ന തലത്തിലേക്ക് ഉയരാനുള്ള സാധ്യതയുമുണ്ടായിരുന്നു. പക്ഷേ, പിന്നീട് ഘട്ടങ്ങളായി ബിഎസ്പി തകരുന്നതാണ് കണ്ടത്. പ്രധാന തട്ടകമായ യുപിയില്‍ ആഭ്യന്തര പോരും പുറത്താക്കലുമെല്ലാം തുടര്‍ക്കഥയായ ബിഎസ്പി ചരിത്ത്രതിലെ ഏറ്റവും വലിയ വെല്ലുവിളിയാണിപ്പോള്‍ നേരിടുന്നത്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിഎസ്പിയിലെ പ്രധാന നേതാക്കള്‍ എസ്പിയിലും കോണ്‍ഗ്രസിലും ബിജെപിയിലും ചേര്‍ന്നത്. ചിലരെ മായാവതി പുറത്താക്കുകയും ചെയ്തിരുന്നു. 12.15നുള്ള കണക്കുകള്‍ പ്രകാരം യുപിയില്‍ ബിഎസ്പി 5 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. പഞ്ചാബില്‍ സീറ്റില്ല. ഉത്തരാഖണ്ഡില്‍ രണ്ടു സീറ്റില്‍ ലീഡ് ചെയ്യുന്നു....

2007ല്‍ ബിഎസ്പി യുപി ഭരിച്ചത് 206 സീറ്റുകള്‍ നേടിയിട്ടായിരുന്നു. 2012ല്‍ ഇത് 80 സീറ്റായി കുറഞ്ഞു. 2017ല്‍ 19 സീറ്റിലേക്ക് ഇടിയുകയായിരുന്നു. ഇത്തവണ രണ്ടക്കം കടക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു സംസ്ഥാനങ്ങളിലും ബിഎസ്പിക്ക് കാര്യമായ സാന്നിധ്യമറിയിക്കാന്‍ സാധിക്കുന്നില്ല. മായാവതിയല്ലാതെ പാര്‍ട്ടിയെ നയിക്കാന്‍ നേതാവില്ല എന്ന വെല്ലുവിളിയും ബിഎസ്പി നേരിടുന്നുണ്ട്. പഞ്ചാബില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ ബിഎസ്പിക്ക് സാധിച്ചിട്ടില്ല. ഇവിടെ 2017ല്‍ ബിഎസ്പിക്ക് 1.52 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ ശിരോമണി അകാലിദളുമായി സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചത്. എന്നിട്ടും ഇതുവരെ ലഭിച്ച കണക്കുകള്‍ പ്രകാരം 1.93 ശതമാനം വോട്ട് മാത്രമേ ബിഎസ്പി ലഭിച്ചിട്ടുള്ളൂ.

2017ല്‍ ഉത്തരാഖണ്ഡില്‍ ബിഎസ്പിക്ക് 6.99 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4.78 ശതമാനം വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ ഒരു സീറ്റ് പോലും ലഭിച്ചിട്ടില്ല. യുപിയിലാണ് ബിഎസ്പിക്ക് പ്രതീക്ഷയുണ്ടായിരുന്നത്. ഇത്തവണ വീണ്ടും ഭരണം പിടിക്കുമെന്ന് മായാവതി പറഞ്ഞിരുന്നു. എന്നാല്‍ സീറ്റുകള്‍ ലഭിക്കാന്‍ വളരെ പ്രയാസപ്പെടുകയാണ് പാര്‍ട്ടി. കഴിഞ്ഞ തവണ പടിഞ്ഞാറന്‍ യുപിയിലാണ് ബിഎസ്പിക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചത്. ഇത്തവണ ഈ മേഖലയില്‍ ബിജെപിയും എസ്പിയുമാണ് തിളങ്ങിയത്.

ബിഎസ്പിയുടെ വോട്ടുകള്‍ ഇത്തവണ ബിജെപിയിലേക്ക് പോയി എന്നാണ് രാഷ്ട്രീയ നിരീക്ഷക സുധ പൈ പറയുന്നത്. യോഗി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ ദളിതര്‍ക്കിടയില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദളിതര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ഈ പദ്ധതികള്‍ കാരണം ബിജെപിക്ക് സാധിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മായവതിയുടെ ദളിത് സ്‌നേഹം കപടമാണ് എന്ന് വാദിച്ച് നിരവധി ദളിത് നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ഭീം ആര്‍മി പോലുള്ള സംഘടനകളും ദളിതുകള്‍ക്കിടയില്‍ സജീവമാണ്. ഇതോടെ ബിഎസ്പി കൂടുതല്‍ ദുര്‍ബലമാകുകയായിരുന്നു. പഞ്ചാബില്‍ ഇതിന് മുമ്പ് ബിഎസ്പി ജയിച്ചത് 1992ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണ്. സിഖുകാര്‍ക്ക് ശേഷം പഞ്ചാബിലെ വലിയ ജനസംഖ്യ ഹിന്ദു സമൂഹമാണ്. ഇതില്‍ വലിയൊരളവ് ദളിതരാണ്. എന്നാല്‍ ഒട്ടേറെ ദളിത് സംഘടനകള്‍ പഞ്ചാബിലുണ്ട്. അതുകൊണ്ടുതന്നെ ബിഎസ്പിക്ക് പഞ്ചാബില്‍ അടിത്തറയുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പഞ്ചാബില്‍ നിന്നുള്ള നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ മായാവതി ശ്രമിച്ചിട്ടില്ല എന്നതാണ് മറ്റൊരു കാരണം. യുപിക്ക് പുറത്ത് ദളിതരെ സ്വാധീനിക്കാന്‍ ബിഎസ്പിക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം.

നേരത്തെ പ്രധാനമന്ത്രി പദവിയിലേക്കും ഇടക്കാലത്ത് രാഷ്ട്രപതിയായും പേര് ചര്‍ച്ച ചെയ്യപ്പെട്ട നേതാവാണ് മായാവതി. അവരുടെ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടം കൊയ്യാനാകാതെ വരുമ്പോള്‍ ആ വോട്ടുകള്‍ ബിജെപിയും എസ്പിയുമാണ് സ്വന്തമാക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യം ചേര്‍ന്ന് 10 സീറ്റുകള്‍ നേടിയിരുന്നു ബിഎസ്പി. ഇത്തവണ അവരുമായി സഖ്യമില്ലെന്ന് അഖിലേഷ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications