അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ താപനില ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ദില്ലി: രാജ്യത്ത് ഇനി വരുന്ന അഞ്ച് ദിവസത്തിനുള്ളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ക്രമേണ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളില്‍ മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു.
വടക്കുപടിഞ്ഞാറന്‍, ഉപദ്വീപ് മേഖലകള്‍ ഒഴികെയുള്ള രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണയിലും കൂടുതല്‍ താപനില അനുഭവപ്പെടുമെന്ന് ഈ മാസം ആദ്യം കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

സമതല പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രീ സെല്‍ഷ്യസ് കൂടിയാലാണ് ഉഷ്ണതരംഗം രേഖപ്പെടുത്തുന്നത്. ഇത് തീരപ്രദേശങ്ങളില്‍ 37 ഡിഗ്രിയും മലമ്പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് കൂടിയാലും ഉഷ്ണതരംഗമാകും. 1901ന് ശേഷം ഏറ്റവും കൂടിയ താപനിലയുള്ള ഫെബ്രുവരിയാണ് കടന്നുപോയത്.
അതേസമയം, മാര്‍ച്ച് മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചതിനാല്‍ ചൂടിന് ശമനമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 1901ന് ശേഷമുള്ള ഏറ്റവും വലിയ വരള്‍ച്ചയായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇതിനിടെ അന്തരീക്ഷ താപസൂചിക അപകടരമാം വിധത്തില്‍ ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി വലിയ മുന്നൊരുക്കങ്ങളാണ് ഓരോ ഭരണകൂടവും സ്വീകരിക്കുന്നത്.
ചൂടിനെ നേരിടാന്‍ കേരളത്തില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് വേനല്‍ക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള വിപുലമായ പ്രചരണ പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. തീപിടുത്തങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അഗ്‌നിശമന രക്ഷാസേനയെ പൂര്‍ണ സജ്ജമായി നിര്‍ത്താനും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന മേഖലകളിലെല്ലാം ഫയര്‍ ഓഡിറ്റ് നടത്താനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
തീപിടുത്ത സാധ്യതയുള്ള മേഖലകള്‍ ശുചീകരിക്കാന്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ വിനിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും, കെ എസ് ഇ ബിയുടെയും നേതൃത്വത്തില്‍ എല്ലാ പ്രധാന പൊതുസ്ഥാപനങ്ങളുടെയും ഇലക്ട്രിക്കല്‍ ഓഡിറ്റ് നടത്താനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ വഴി തീപിടുത്തങ്ങളുണ്ടാകുന്നത് ഒഴിവാക്കാനുള്ള ജാഗ്രതാ നടപടികളുടെ ഭാഗമാണിത്.












Click it and Unblock the Notifications