രണ്ടിടത്തും കാല് വെച്ച് എംജിപി, കോണ്‍ഗ്രസുമായും ബിജെപിയുമായും ചര്‍ച്ച, ഓഫര്‍ ഇങ്ങനെ
ദില്ലി: ഗോവയില്‍ കിംഗ് മേക്കര്‍ റോള്‍ കളിച്ച് മഹാരാഷ്ട്രവാദി കോണ്‍ഗ്രസ് പാര്‍ട്ടി. രണ്ട് പാര്‍ട്ടികളുമായും ഒരേസമയം ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എംജിപി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഗോവയില്‍ ഉണ്ടാവുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. രണ്ട് പാര്‍ട്ടികള്‍ക്കും അധികാരം നേടണമെങ്കില്‍ എംജിപിയുടെ സഹായം വേണ്ടി വരുമെന്നാണ് സൂചന. മുമ്പ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സഖ്യകക്ഷിയായി ഇരുന്നിട്ടുണ്ട് എംജിപി. മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബിജെപിയുമായിട്ടായിരുന്നു സഖ്യം. എന്നാല്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായതോടെ രണ്ട് എംജിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ആ സമയം പാര്‍ട്ടിയില്‍ ബാക്കിയായത് ഒരേയൊരു എംഎല്‍എയായിരുന്നു. സുദിന്‍ ധാവലിക്കര്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. എംജിപിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു അത്. തന്നെ വഞ്ചിച്ചുവെന്നായിരുന്നു അദ്ദേഹം കരുതിയത്. ബിജെപിയുമായി ധാവലിക്കര്‍ അകലുകയും ചെയ്തു. എംജിപി ബിജെപിക്ക് പിന്തുണ നല്‍കണമെങ്കില്‍ പ്രമോദ് സാവന്തിനെ മാറ്റേണ്ടി വരും. അത് എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. ബിജെപി കേന്ദ്ര നേതൃത്വം അധികാരം നേടാനായി എന്ത് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകുന്നവരാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സാവന്തിനെ കൈവിടുമോ എന്ന് കണ്ടറിയണം. എംജിപിയുടെ ആവശ്യം വേണ്ടി വരുമെന്ന് അറിഞ്ഞാണ് ദേശീയ നേതൃത്വത്തെ കഴിഞ്ഞ ദിവസം സാവന്ത് ദില്ലിയിലെത്തി കണ്ടത്.
കിംഗ് മേക്കറിലും വലിയ റോള്‍ ഇത്തവണ ധാവ്‌ലിക്കര്‍ക്ക് ഉണ്ടാവുമെന്നാണ് സൂചന. ധാവലിക്കര്‍ മുഖ്യമന്ത്രി സ്ഥാനം തന്നെ ആവശ്യപ്പെട്ടാലും അദ്ഭുതപ്പെടാനില്ല. തൃണമൂലുമായി സഖ്യത്തിലായിരുന്നു എംജിപി. അന്തിമ ഫലം വരട്ടെ എന്ന നിലപാടിലാണ് എംജിപി. അതിന് ശേഷം മാത്രമേ കോണ്‍ഗ്രസിനൊപ്പമോ ബിജെപിക്കൊപ്പമോ എന്ന് പ്രഖ്യാപിക്കൂ. ധാവലിക്കര്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരിയുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ്. സാവന്തുണ്ടെങ്കില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്നാണ് ധാവലിക്കറുടെ നിലപാട്. അതേസമയം ഗഡ്കരി ഇടപെട്ടാല്‍ എംജിപി ബിജെപിക്കൊപ്പം പോയേക്കും.
കോണ്‍ഗ്രസിന് 14 സീറ്റില്‍ താഴെയാണ് കിട്ടുന്നതെങ്കില്‍ അവരുമായി സഖ്യത്തിന് ധാവലിക്കര്‍ തയ്യാറാണ്. എന്നാല്‍ കോണ്‍ഗ്രസിനോട് മുഖ്യമന്ത്രി സ്ഥാനം തന്നെ അദ്ദേഹം ആവശ്യപ്പെടും. സഭയിലെ ഏറ്റവും സീനിയറായിട്ടുള്ള നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസുമായി ഇക്കാര്യം സംസാരിച്ച് കഴിഞ്ഞു. ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. തൃണമൂല്‍ കോണ്‍ഗ്രസുമായും ചേര്‍ന്ന് ആലോചിച്ച് മാത്രമേ ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കാനാവൂ. പത്ത് സീറ്റില്‍ കൂടുതല്‍ എംജിപിക്ക് കിട്ടുമെന്നാണ് ധാവലിക്കര്‍ പറയുന്നത്. പ്രശാന്ത് കിഷോറിനെയും അഭിഷേക് ബാനര്‍ജിയെയും ധാവലിക്കര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്നാണ് ധാവലിക്കറുടെ നിലപാട്.












Click it and Unblock the Notifications