അപകടത്തില്‍ മരിച്ചയാളെ തിരിഞ്ഞു നോക്കാതെ മന്ത്രിയുടെ വാഹനം,തിരക്കായിരുന്നുവെന്ന് വിശദീകരണം...
മന്ത്രിയുടെ വാഹനം മൃതദേഹത്തിന് സമീപത്തുകൂടെ അതിവേഗതയില്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ഹൈദരാബാദ്: റോഡപകടത്തില്‍ മരിച്ചയാളെ തിരിഞ്ഞു നോക്കാതെ മന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയത് വിവാദമാകുന്നു. എന്നാല്‍ താന്‍ തിരക്കിലായത് കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നാണ് മന്ത്രി നല്‍കിയ വിശദീകരണം. തെലുങ്കാനയിലെ ജയശങ്കര്‍ ഭൂലാപ്പിള്ളി ജില്ലയിലായിരുന്നു സംഭവം.
തെലുങ്കാന മന്ത്രിസഭയിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി അസ്മീറ ചന്ദുലാലാണ് റോഡില്‍ മൃതദേഹം കണ്ടിട്ടും നിര്‍ത്താതെ പോയത്. മന്ത്രിയുടെ വാഹനം മൃതദേഹത്തിന് സമീപത്തുകൂടെ അതിവേഗതയില്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു
ഭൂലാപ്പിള്ളിയിലെ റോഡില്‍ സൈക്കിളില്‍ ടാറ്റ എയ്‌സ് ട്രക്കിടിച്ചാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തദൂനി മധുസൂദനാചാരി എന്ന യുവാവാണ് അപകടത്തില്‍ മരണപ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം അന്വേഷിക്കുന്നതിനിടെയാണ് മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയത്.

അപകടം കണ്ടിട്ടും നിര്‍ത്തിയില്ല
ഔദ്യോഗിക വാഹനത്തിന്റെ മുന്‍ സീറ്റിലുണ്ടായിരുന്ന മന്ത്രി അപകടം കണ്ടിട്ടും വാഹനം നിര്‍ത്താന്‍ തയ്യാറായില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

മൃതദേഹം മാറ്റി, പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു
മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ശേഷം ഏറെസമയം കഴിഞ്ഞാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. പോലീസ് വന്ന ശേഷമാണ് മൃതദേഹം റോഡില്‍ നിന്ന് മാറ്റിയതും പരിക്കറ്റവരെ ആശുപത്രിയിലെത്തിച്ചതും.

അല്ലെങ്കില്‍ വാഹനം നിര്‍ത്തിയിരുന്നു
ബന്ധുക്കളെ കാണാന്‍ പോകുകയായിരുന്ന താന്‍ തിരക്കിലായിതിനാലാണ് വാഹനം നിര്‍ത്താതിരുന്നതെന്നും,തിരക്കില്ലായിരുന്നെങ്കില്‍ വാഹനം നിര്‍ത്തുമായിരുന്നെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.












Click it and Unblock the Notifications