കൂട്ട ബലാത്സംഗത്തിനിരയായ മൈനര്‍ പെണ്‍കുട്ടിയെ പ്രതിയുടെ അച്ഛന്‍ വിഷംകൊടുത്തുകൊന്നു
ഭരത്പുര്‍: കൂട്ട ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പ്രതികളിലൊരാളുടെ അച്ഛന്‍ വിഷം കൊടുത്തു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നാണ് മറ്റൊരു ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുമാസം മുന്‍പാണ് ബലാത്സംഗം ചെയ്തത്.
ബുധനാഴ്ച വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ജുരാഹര ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെനിന്നും ഭരത്പൂരിലെ രാജ് ബഹാദൂര്‍ ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി പിന്നീട് മരിച്ചു. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആശുപത്രിയിലേക്ക് പോകുന്നവഴിയാണ് പെണ്‍കുട്ടി പിതാവിനോട് ബലാത്സംഗത്തിന്റെ വിവരം പറയുന്നത്. രണ്ടുമാസം മുന്‍പ് സമീപത്തെ കാട്ടില്‍ വിറകൊടിക്കാന്‍ പോകുമ്പോള്‍ നാലുപേരടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പ്രതികളിലൊരാളുടെ പിതാവ് വിഷം നല്‍കുകയായിരുന്നെന്നാണ് സൂചന. ഇക്കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും മാതാപിതാക്കളുടെ ആരോപണത്തെ തുടര്‍ന്ന് കേസ് വിശദമായ അന്വേഷണത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications