പ്രണയം നിരസിച്ച പതിനാറുകാരിയെ വെടിവെച്ചുകൊന്നു
മീററ്റ്: നിരന്തരം പിറകെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിട്ടും നിരസിച്ചതിനെ തുടര്‍ന്ന് പതിനാറുകാരി പെണ്‍കുട്ടിയെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്ത് നര്‍ഹരെ ഗ്രാമത്തിലാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ടു മടങ്ങുമ്പോള്‍ പെണ്‍കുട്ടിയെ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് കൊലപാതകി പോലീസില്‍ കീഴടങ്ങി.
എട്ടാംക്ലാസില്‍ പഠിക്കുന്ന ഹിമാന്‍ഷയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ യോഗേന്ദ്ര(22)യുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു. പലതവണ പെണ്‍കുട്ടിയോട് താന്‍ പ്രണയാഭ്യര്‍ഥന നടത്തിയതായി യോഗേന്ദ്ര പോലീസിനോട് പറഞ്ഞു. എന്നാല്‍ പ്രണയം നിരസിച്ചതോടെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

പിറകെ നടന്ന് ശല്യം ചെയ്യുന്ന യോഗേന്ദ്രയെക്കുറിച്ച് പെണ്‍കുട്ടി വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. വീട്ടുകാര്‍ യോഗേന്ദ്രയുടെ പിതാവിനോട് യുവാവിനെ അടക്കിനിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ് യോഗേന്ദ്രയുടെ പിതാവ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ പിതാവ് ശകാരിച്ചതായും പറയപ്പെടുന്നു.
ഇതിന് പിന്നാലെയാണ് ഏവരെയും നടുക്കി കൊലപാതകം നടക്കുന്നത്. പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വരുന്നവഴി കാത്തിരുന്ന യോഗേന്ദ്ര പതിവുപോലെ പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍, അന്നും പെണ്‍കുട്ടി അക്കാര്യം നിരസിച്ചതോടെ കൈയ്യില്‍ കരുതിയ തോക്കുകൊണ്ട് വെടിവെക്കുകയായിരുന്നു. ഇതിനുശേഷം പ്രതി പോലീസില്‍ കീഴടങ്ങുകയും ചെയ്തു.












Click it and Unblock the Notifications