''ബിജെപിയെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നു'', മിസോറാമിൽ കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി
ഐസ്വാള്‍: പ്രതിപക്ഷ സഖ്യമായ ഇന്ത്യ രാജ്യത്തിന്റെ 60 ശതമാനത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. മിസോറാമില്‍ കോണ്‍ഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഇന്ത്യ എന്നുളള ആശയത്തെ, അതിന്റെ മൂല്യങ്ങളേയും ഭരണഘടനയേയും മതത്തിനും സംസ്‌ക്കാരത്തിനൊക്കെ അതീതമായി സന്തോഷത്തോടെ ജീവിക്കാനുളള ആളുകളുടെ സ്വാതന്ത്ര്യത്തെയും സംരക്ഷിച്ച് കൊണ്ട് പ്രതിപക്ഷം പ്രതിരോധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയേയും ആര്‍എസ്എസിനേയും കടന്നാക്രമിക്കാനും രാഹുല്‍ ഗാന്ധി മറന്നില്ല.

അവര്‍ക്ക് രാജ്യത്തെ കുറിച്ചുളള സങ്കല്‍പ്പം തങ്ങളുടേതില്‍ നിന്നും വ്യത്യസ്തമാണ്. ആര്‍എസ്എസ് കരുതുന്നത് ഏക സംഘടനയും ഏക ആശയവും ആകണം രാജ്യം ഭരിക്കേണ്ടത് എന്നാണ്. അതിനെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. തങ്ങള്‍ വികേന്ദ്രീകരണത്തില്‍ വിശ്വസിക്കുമ്പോള്‍ ബിജെപി കരുതുന്നത് എല്ലാ തീരുമാനങ്ങളും ഡല്‍ഹിയില്‍ നിന്ന് വരുന്നതാകണം എന്നാണ്, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നും ആക്രമണം നേരിടുകയാണ്, അവരുടെ മതവിശ്വാസങ്ങളുടെ അടിത്തറയ്ക്ക് ഭീഷണി ഉയരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മിസോറാമിലെ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്‌മെന്റും സംസ്ഥാനത്ത് ബിജെപിയുടേയും ആര്‍എസ്എസിന്റെയും താല്‍പര്യങ്ങള്‍ക്ക് വളമിടുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമാണ് എംഎന്‍എഫ്. ഇസെഡ്പിഎം പറയുന്നു അവര്‍ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന്. ആര്‍എസ്എസിനും ബിജെപിക്കും മിസോറാമിലേക്കുളള വാതിലുകളാണ് ഈ രണ്ട് പാര്‍ട്ടികളും. തങ്ങള്‍ ബിജെപിയെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കുന്നു. മിസോറാമിലെ ജനങ്ങള്‍ക്ക് അതറിയാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് മിസോറാമില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുളളതെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്കായാണ് രാഹുല്‍ ഗാന്ധി മിസോറാമിലെത്തിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്ക് സമാനമായ പദയാത്ര രാഹുല്‍ മിസോറാമില്‍ നടത്തി. വലിയ സ്വീകരണമാണ് സംസ്ഥാനത്ത് രാഹുലിന് ലഭിച്ചത്. 2018ലെ തിരഞ്ഞെടുപ്പില്‍ എംഎന്‍എഫിനോട് പരാജയപ്പെട്ട കോണ്‍ഗ്രസിന് 40 അംഗ മിസോറാം നിയമസഭയില്‍ 5 സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. 26 സീറ്റില്‍ വിജയിച്ചാണ് എംഎന്‍എഫ് അധികാരം പിടിത്തത്. ഇസെഡ്പിഎമ്മിന് 8 സീറ്റുകള്‍ ലഭിച്ചു.












Click it and Unblock the Notifications