പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറുകള്‍ വില്‍പനയ്ക്ക്...!! സൗന്ദര്യമനുസരിച്ച് വില 50 മുതല്‍ 500 വരെ !!
മൊബൈൽ റീചാർജ് കടകളിൽ നിന്നും പെൺകുട്ടികളുടെ ഫോൺനമ്പറുകൾ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊബൈല്‍ ഷോപ്പുകളില്‍ നടക്കുന്ന ഞെട്ടിക്കുന്ന ഇടപാടുകളുടെ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറുകള്‍ വില്‍ക്കുന്ന വന്‍ റാക്കറ്റാണ് ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളില്‍ മൊബൈല്‍ റീചാര്‍ജ് കടകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് എന്നാണ് പൊലീസ് കണ്ടെത്തല്‍.
പുരുഷന്മാരുടെ നിരന്തരമായ ഫോണ്‍ശല്യം കാരണം നിരവധി പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് ഈ റാക്കറ്റിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത്.

മൊബൈല്‍ റീചാര്‍ജ് കടകള്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനായി പെണ്‍കുട്ടികള്‍ നല്‍കുന്ന നമ്പറുകളാണ് ഇത്തരത്തില്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. പെണ്‍കുട്ടികളുടെ സൗന്ദര്യത്തിന് അനുസരിച്ചാണ് മൊബൈല്‍ നമ്പറുകളുടെ വില.

50 മുതല്‍ 500 രൂപ വരെയുള്ള നിരക്കിനാണ് ഫോണ്‍ നമ്പറുകള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. സൗന്ദര്യം കുറവുള്ള പെണ്‍കുട്ടികളുടെ നമ്പര്‍ 50 രൂപയ്ക്ക് കിട്ടും. സുന്ദരിയാണെങ്കില്‍ നമ്പര്‍ കിട്ടാന്‍ 500 രൂപ മുടക്കണം.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് നടപ്പിലാക്കിയ പദ്ധതിയാണ് റാക്കറ്റിനെ വെളിച്ചത്ത് കൊണ്ടുവന്നത്. പെണ്‍കുട്ടികള്‍ക്ക് പരാതികള്‍ അറിയിക്കാനായി 1090 എന്ന ഫോണ്‍നമ്പര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഈ നമ്പറിലേക്ക് വന്നിരിക്കുന്ന പരാതി കോളുകളുടെ എണ്ണം 6 ലക്ഷം ആണ്. ഇതില്‍ 90 ശതമാനവും ഫോണ്‍വഴി അജ്ഞാതര്‍ ശല്യപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടികളുടെ പരാതികളായിരുന്നു.

റീചാര്‍ജ് ചെയ്യുന്ന ഫോണ്‍ നമ്പറുകള്‍ കൂടാതെ പുതിയ സിം എടുക്കാനായി നല്‍കുന്ന രേഖകളും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇത്തരം ഇടപാടുകള്‍ നടത്തുന്ന മൂന്നുപേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

അര്‍ധരാത്രിയാണ് പുരുഷന്മാരുടെ കോളുകള്‍ വരുന്നതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ഭൂരിഭാഗം പുരുഷന്മാരും ഫ്രണ്ട്ഷിപ്പിന് താല്‍പര്യമുണ്ടെന്ന് പറഞ്ഞാണ് ഫോണ്‍വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നതെന്ന് പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു.

ദിവസവും പുതിയ നമ്പറുകളില്‍ നിന്നും ഒരാളുടെ കോളുകള്‍ വരുന്നതായി സീതാപൂരിലെ വീട്ടമ്മ പറയുന്നു. പ്രതികരിച്ചാലും ഇല്ലെങ്കിലും അശ്ലീല മെസ്സേജുകളും വീഡിയോകളും ഫോണിലേക്ക് വരും.

പരാതികള്‍ ലഭിക്കുമ്പോള്‍ പൊലീസ് ഇത്തരക്കാരെ വിളിച്ച് പേടിപ്പിച്ച് വിടാറാണ് പതിവ്. ഫോണ്‍വിളിച്ച് പെണ്‍കുട്ടികളോട് അശ്ലീലം പറയുന്നവരില്‍ യുവാക്കളെക്കൂടാതെ കൗമാരക്കാരും വൃദ്ധന്മാരും വരെയുള്ളതായി പൊലീസ് പറയുന്നു.

എന്നാല്‍ ഇത്തരത്തില്‍ ഫോണ്‍വിളി നടത്തുന്ന എല്ലാരെയും പിടികൂടുകയെന്നത് നടക്കുന്ന കാര്യമല്ലെന്നും പൊലീസ് പറയുന്നു. റീചാര്‍ജിനും സിംകാര്‍ഡിനുമായി നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.












Click it and Unblock the Notifications