പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു; ബിജെപിയുടെ രക്ഷകൻ, ആരാണീ നരേന്ദ്ര മോദി?
ചൗക്കീദാർ ചോര്‍ ഹേ... - കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി മുന്നിൽ നിന്ന് നയിച്ച ഒട്ടനവധി ആരോപണങ്ങൾ, ഭരണത്തിലിരിക്കുന്ന പാർട്ടിയെ തിരഞ്ഞെടുപ്പിൽ നയിക്കുന്നതിന്റെ പ്രാരാബ്ധങ്ങൾ, ജി എസ് ടിയും നോട്ട് നിരോധനവും പോലെ പാളിപ്പോയി എന്ന് തോന്നിപ്പിച്ച തീരുമാനങ്ങൾ... പ്രതിസന്ധി ഘട്ടങ്ങളും പ്രതിബന്ധങ്ങളും മറികടന്ന് ബി ജെ പിയെ വീണ്ടും വിജത്തിലെത്തിച്ചിരിക്കുകയാണ് നായകനായ നരേന്ദ്ര മോദി.
ഗുജറാത്തിലെ വാദ്‌നഗറിലുള്ള സാധാരണ കുടുംബത്തില്‍ ജനിച്ച നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ എഴുതിച്ചേർത്തുകൊണ്ടിരിക്കുന്നത് ഒരു ചരിത്രമാണ്. തുടർച്ചയായ രണ്ട് തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകൾ നേടിക്കൊടുത്ത മോദി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി രണ്ടാം വട്ടവും സത്യപ്രതിജ്ഞ ചെയ്തു. വായിക്കാം മോദിയുടെ അപദാനങ്ങൾ.. അറിയാം ആരാണ് മോദി എന്ന്...

ബിജെപിയുടെ പടനായകൻ
ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രി. ബി ജെ പിയുടെ പടനായകൻ. നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും അഞ്ച് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോദി ജയിച്ചത്. 2014ലും മോദി വാരാണസിയെ പ്രതിനിധീകരിച്ചു. 2014ൽ ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും മോദി ജയിച്ചിരുന്നു. പക്ഷേ വാരണാസി എം പിയായി തുടരാനായിരുന്നു മോദിയുടെ തീരുമാനം.

സംഘപരിവാറിലൂടെ രാഷ്ട്രീയത്തിലേക്ക്
1950 സെപ്തംബർ 17ന് ഗുജറാത്തിലെ വാദ്നഗറിലാണ് മോദി ജനിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആര്‍എസ്എസില്‍ ചേരുന്നത്. ചെറുപ്രായത്തില്‍ തന്നെ വിവാഹിതനായി. എന്നാൽ സംഘടനാ പ്രവർത്തനത്തിൽ സജീവമാകുവാൻ വേണ്ടി വീടും കുടുംബവും വിട്ടു. വര്‍ഷങ്ങള്‍ നീണ്ട യാത്രയ്ക്ക് ശേഷം ഗുജറാത്തില്‍ തിരിച്ചെത്തി. 1980കളിൽ ആര്‍എസ്എസ് നിര്‍ദേശ പ്രകാരം ബിജെപിയില്‍ സജീവമായി.

മുഖ്യമന്ത്രിക്കസേരയിലേക്ക്
1987ല്‍ നടന്ന അഹമ്മദാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് മോദി നടത്തിയ നീക്കങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1995ല്‍ ബിജെപിയുടെ ദേശീയ സെക്രട്ടറിയായി. 1998ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് കാരണം മോദിയായി വിലയിരുത്തപ്പെട്ടു. 2001ല്‍ കേശുഭായ് പട്ടേല്‍ അനാരോഗ്യവും മോശം ഭരണവും കാരണം ഒഴിയേണ്ടി വന്നു. പകരം ആ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടത് മോദിയായിരുന്നു. ആ വര്‍ഷം ഒക്ടോബറില്‍ മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി പാര്‍ട്ടി തീരുമാനിച്ചു.

മുഖ്യമന്ത്രി നരേന്ദ്ര മോദി
2001 മുതല്‍ 2014വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി. മോദിയുടെ ഭരണത്തിന് കീഴിൽ ഗുജറാത്ത് വികസന മോഡൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. 2001ല്‍ കേശുഭായ് പട്ടേല്‍ പിന്‍വാങ്ങുന്ന വേളയിലാണ് മോദി മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഏറെ പഴികൾ കേൾക്കേണ്ടി വന്നെങ്കിലും മോദിയുടെ രാഷ്ട്രീയ വളര്‍ച്ചയെ അതൊന്നും ബാധിച്ചില്ല. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മോദി ഗുജറാത്ത് മുഖ്യമന്ത്രി പദം രാജിവെച്ചു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം
2002 ഫെബ്രുവരി 24ന് രാജ്‌കോട്ട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശ്വിന്‍ മേത്തയെ 14000 വോട്ടിന് പരാജയപ്പെടുത്തിയാണ് മോദി നിയമസഭയില്‍ എത്തിയത്. 2007ല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട വേളയില്‍ 182 ല്‍ 122 സീറ്റും സ്വന്തമാക്കി. 2012ല്‍ മണിനഗറില്‍ നിന്ന മോദി 86000 വോട്ട് നേടിയാണ് വിജയം നേടിയത്. 2012ല്‍ ബിജെപിക്ക് 115 സീറ്റുകള്‍ ലഭിച്ചു.

പ്രധാനമന്ത്രി പദത്തിലേക്ക്
2014ലാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് മോദി ഉയർന്ന് വന്നത്. എൽ കെ അദ്വാനി ഉള്‍പ്പെടെയുള്ള പ്രമുഖരായ ബിജെപി നേതാക്കളെ മറികടന്നാണ് നരേന്ദ്ര മോദി 2014ൽ പ്രധാനമന്ത്രിയാകുകയും ചെയ്തു. മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് പാർട്ടിയിലെ ചില നേതാക്കളിൽ നീരസം ഉണ്ടാക്കിയെങ്കിലും തിരഞ്ഞെടുപ്പ് ഫലം അതെല്ലാം അപ്രസക്തമാക്കുന്നതായിരുന്നു. 2014ലെ മിന്നുന്ന ജയത്തെയും മറികടക്കുന്ന പ്രകടനം കാഴ്ചവെക്കാൻ മോദിക്കും ബി ജെ പിക്കും കഴിഞ്ഞതോടെ ഇനിയുള്ള 5 വർഷങ്ങളിലും ഇന്ത്യയെന്നാൽ മോദി തന്നെ എന്നതായി മാറി സമവാക്യം.