രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി സൂറത്ത് സെഷന്‍സ് കോടതി, വിധി റദ്ദാക്കണമെന്ന ഹർജി 13ന് പരിഗണിക്കും
സൂറത്ത്: മോദി പരാമര്‍ശത്തിന്മേലുളള മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി നല്‍കി സൂറത്ത് സെഷന്‍സ് കോടതി. ഏപ്രില്‍ 13 വരെയാണ് ജാമ്യം നീട്ടിയിരിക്കുന്നത്. കേസിലെ സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി ഏപ്രില്‍ 13ന് പരിഗണിക്കും. രാഹുല്‍ ഗാന്ധി സെഷന്‍സ് കോടതിയില്‍ നേരിട്ട് എത്തിയാണ് ഹര്‍ജി നല്‍കിയത്. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു.
മാത്രമല്ല മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അടക്കമുളള നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു. അടുത്ത ഹിയറിംഗിന് രാഹുല്‍ ഗാന്ധി നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ല. സൂറത്ത് മജിസ്‌ട്രേറ്റ് കോടതി അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് 2 വര്‍ഷം തടവ് ശിക്ഷയും പിഴയും ആണ് വിധിച്ചത്. ഇതോടെ രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടു.

ഈ സാഹചര്യത്തില്‍ മേല്‍ക്കോടതി തീരുമാനം രാഹുല്‍ ഗാന്ധിക്ക് നിര്‍ണായകമാണ്. രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്തിനുളള അയോഗ്യത നീങ്ങണമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധി സ്‌റ്റേ ചെയ്യപ്പെടണം. കേസില്‍ അപ്പീല്‍ കൊടുക്കേണ്ടതില്ലെന്നും ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണ് എന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്. എന്നാല്‍ അപ്പീല്‍ നല്‍കണം എന്ന് കോണ്‍ഗ്രസിന്റെ നിയമ വിഭാഗം തീരുമാനിക്കുകയായിരുന്നു.. കേസില്‍ വിധി വന്ന് 11 ദിവസം കഴിഞ്ഞാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ശിക്ഷാ വിധി റദ്ദാക്കപ്പെട്ടില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരുമെന്ന് മാത്രമല്ല, അദ്ദേഹത്തിന് 8 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല.. കോടതി വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാനുളള അറിയിപ്പ് ലഭിച്ചിരുന്നു. മറ്റൊരു വീട്ടിലേക്ക് താമസം മാറാനുളള തയ്യാറെടുപ്പിലാണ് രാഹുല്‍. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലൂടെ മോദി സമുദായത്തെ അപമാനിച്ചു എന്നാണ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട്, എല്ലാ കളളന്മാരുടേയും പേരില്‍ മോദിയുണ്ട് എന്ന പരാമര്‍ശം രാഹുല്‍ നടത്തിയതാണ് വിവാദമായത്.
സത്യമാണ് എന്റെ ആയുധമെന്ന് ജാമ്യം നീട്ടിക്കിട്ടിയ ശേഷം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഈ പോരാട്ടം ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഇത്. മിത്രങ്ങള്‍ക്ക് എതിരെയാണ്. ഈ പോരാട്ടത്തില്‍ സത്യമാണ് എന്റെ ആയുധം, സത്യമാണ് എന്റെ അഭയം, രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications