രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടി: മാനനഷ്ടക്കേസിലെ വിധിക്ക് സ്റ്റേ ഇല്ല, അയോഗ്യത തുടരും
അഹമ്മദാബാദ്: 'മോദി' പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടകേസില്‍ എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കനത്ത തിരിച്ചടി. വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ നേരത്തേ സെഷൻസ് കോടതിയും തള്ളിയിരുന്നു. ഇതോടെ നിയമനടപടിയുമായി രാഹുല്‍ ഗാന്ധിക്ക് ഇനി സുപ്രീംകോടതിയെ സമീപിക്കേണ്ടി വരും.

അപ്പീല്‍ ഹൈക്കോടതിയും തള്ളിയതോടെ എംപി സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. അപ്പീലില്‍ വിധി പറഞ്ഞ ഗുജറാത്ത് ഹൈക്കോടതി രാഹുല്‍ ഗാന്ധിക്കെതിരെ വലിയ വിമർശനവും നടത്തി. മാനനഷ്ടകേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധിയില്‍ തെറ്റുള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പത്തിലേറെ ക്രിമിനല്‍ കേസുകളുള്ള വ്യക്തിയാണ് രാഹുല്‍ ഗാന്ധി. സമാനമായ നിരവധി പരാതികള്‍ വേറെയുമുണ്ട്. അദ്ദേഹം സ്ഥിരമായി തെറ്റുകള്‍ ആവർത്തിക്കുന്നുവെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഹേമന്ദ്ര പ്രചക് വ്യക്തമാക്കി. കേസിലെ വാദം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നെങ്കിലും വിധി വേനലവധിക്ക് ശേഷത്തേക്ക് മാറ്റി വെക്കുകയായിരുന്നു. അതേസമയം, ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്കെതിരായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിലെ കോലാറില്‍ പാർട്ടി റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി നടത്തിയ പരാമർശമാണ് മാനനഷ്ട കേസിലേക്ക് നയിച്ചത്. ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പേരെടുത്ത് പറഞ്ഞുകൊണ്ട്, എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെണെന്ന് രാഹുല്‍ ചോദിച്ചിരുന്നു. ഇത് മോദി എന്ന് പേരുള്ള എല്ലാവരേയും അപമാനിക്കുന്നതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ബിജെപി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
പൂർണേഷ് മോദിയുടെ ഹർജി പരിഗണിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി മാർച്ച് 23ന് കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു. മാനനഷ്ട കേസിലെ പരമാവധി ശിക്ഷയായ രണ്ട് വർഷത്തെ തടവും രാഹുല്‍ ഗാന്ധിക്ക് വിധിച്ചു. ഇതിന് പിന്നാലെ വയനാട് എംപി സ്ഥാനത്ത് നിന്നും രാഹുലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് ലോക്സഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുകയും ചെയ്തു.












Click it and Unblock the Notifications