'മൊഗാംബോ ഖുശ് ഹുവാ', അമിത് ഷായ്ക്ക് എതിരെ വിമർശനം ഉന്നയിച്ച് ഉദ്ധവ് താക്കറെ
ശിവസേനയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഉദ്ധവ് താക്കറെ വിഭാഗത്തിന് നഷ്ടമായിരിക്കുകയാണ്

മുംബൈ: ശിവസേനയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും നഷ്ടപ്പെട്ടതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ. മിസ്റ്റര്‍ ഇന്ത്യ എന്ന പ്രശസ്ത ഹിന്ദി ചിത്രത്തിലെ മൊഗാംബോ ഖുശ് ഹുവാ (മൊഗാംബോയ്ക്ക് സന്തോഷമായി) എന്ന വാചകം കടമെടുത്താണ് അമിത് ഷായ്ക്ക് എതിരെ താക്കറെ രംഗത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും താക്കറെ വിമര്‍ശിച്ചു..
''1993ല്‍ മുംബൈയില്‍ സ്‌ഫോടന പരമ്പര ഉണ്ടായപ്പോള്‍ ശിവ് സൈനികരാണ് നഗരത്തെ സംരക്ഷിച്ചത്. ഇപ്പോള്‍ ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കുന്നവര്‍ അന്ന് എവിടെ ആയിരുന്നു. അവരുടെ അഡ്രസ് പോലും ഇല്ലായിരുന്നു. ഇപ്പോള്‍ അവര്‍ 56 ഇഞ്ച് നെഞ്ചിനെ കുറിച്ച് വീമ്പിളക്കുന്നു. അന്ന് എവിടെ ആയിരുന്നു ഈ 56 ഇഞ്ച് നെഞ്ച്. അന്ന് അദ്ദേഹം വിയര്‍ക്കുകയായിരുന്നു'', ഉദ്ധവ് താക്കറെ പറഞ്ഞു.
''നേരത്തെ ആളുകള്‍ മോദി മാസ്‌ക് ആയിരുന്നു റാലികളില്‍ ധരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബാലാസാഹിബ് താക്കറെയുടെ മാസ്‌കിന് പിറകെയാണ്. കഴിഞ്ഞ ദിവസം ചിലര്‍ പൂനെയില്‍ വന്നിരുന്നു.. മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ചിലര്‍ മറുപടി നല്‍കി, ഇത് വളരെ നല്ലൊരു ദിവസമാണ്, കാരണം നമ്മുടെ കൂടെ വന്ന അടിമകള്‍ക്ക് ശിവസേനയുടെ പേരും ചിഹ്നവും ലഭിച്ചിരിക്കുന്നുവെന്ന്. നന്നായി എന്ന് അദ്ദേഹം പറഞ്ഞു. മൊഗാംബോയ്ക്ക് സന്തോഷമായിരിക്കുന്നു'', അമിത് ഷായെ പേരെടുത്ത് പറയാതെ ഉദ്ധവ് താക്കറെ പരിഹസിച്ചു. മുംബൈ അന്ധേരിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു താക്കറെ.
''ഇവരൊക്കെയാണ് ഇന്നത്തെ കാലത്തെ മൊഗാംബോമാര്‍. യഥാര്‍ത്ഥ മൊഗാംബോയെ പോലെ ഇവര്‍ക്കും വേണ്ടത് ആളുകള്‍ തമ്മില്‍ തല്ലുകയാണ്, എങ്കില്‍ മാത്രമേ ഇവര്‍ക്ക് അധികാരം ആസ്വദിക്കാന്‍ സാധിക്കുകയുളളൂ. അവര്‍ എന്നെ എന്റെ സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കി. വിധി കള്ളന്മാര്‍ക്ക് അനുകൂലമാക്കി. ഇത് ഇങ്ങനെ പോകാന്‍ അനുവദിച്ചാല്‍ നാളെ മറ്റേത് രാഷ്ട്രീയ പാര്‍ട്ടിക്കും ഇതേ ഗതി വരാം'' എന്നും താക്കറെ പറഞ്ഞു.












Click it and Unblock the Notifications