സണ്‍സ്‌ക്രീന്‍ അമ്മ അയച്ച് തന്നിരുന്നു... പക്ഷെ ഞാനത് ഉപയോഗിക്കാറില്ല; രാഹുല്‍ ഗാന്ധി
ബെംഗളൂരു: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. ഇതിനോടകം 1000 ത്തിലേറെ കിലോമീറ്റര്‍ പിന്നിട്ട യാത്രയ്ക്കിടെയുള്ള ഒരു ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.
വെയിലും മഴയും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചുള്ള യാത്രയില്‍ ചര്‍മസംരക്ഷണം എങ്ങനെ നടക്കുന്നു എന്നായിരുന്നു രാഹുലിനോടുള്ള ചോദ്യം. കര്‍ണാടകയിലെ പ്രദേശവാസികളോട് സംസാരിക്കുന്നിനിടെ ആയിരുന്നു ഈ ചോദ്യം വന്നത്. ഇതിനോട് താന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നില്ല എന്നായിരുന്നു രാഹുല്‍ നല്‍കിയ മറുപടി.

'എന്റെ അമ്മ സണ്‍സ്‌ക്രീന്‍ അയച്ച് തന്നിട്ടുണ്ട്. പക്ഷേ ഞാന്‍ അത് ഉപയോഗിക്കുന്നില്ല. രാഹുലിന്റെ സണ്‍സ്‌ക്രീനിനെ കുറിച്ച് ചോദിച്ച നാട്ടുകാരന്‍ പിന്നീട് നിങ്ങളുടെ മുഖം സൂര്യപ്രകാശമാണ് എന്ന് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിങ്കളാഴ്ച യാത്ര താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.

കര്‍ണാടകയിലെ ബെല്ലാരിയിലെ സൈറ്റില്‍ കണ്ടെയ്‌നറിലൊരുക്കിയ ബൂത്തിലാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള ജാഥാ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബെംഗളൂരുവിലും ശശി തരൂര്‍ തിരുവനന്തപുരത്തുമാണ് വോട്ട് രേഖപ്പെടുത്തിയത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.

തമിഴ്നാട്ടിലെ കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ നീളുന്ന ഭാരത് ജോഡോ യാത്രയുടെ മധ്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 2022 സെപ്റ്റംബര്‍ 7 നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 146 ദിവസങ്ങളിലായി 12 സംസ്ഥാനങ്ങളിലൂടെ ആണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30-നാണ് ഭാരത് ജോഡോ യാത്ര സമാപിക്കുക.

രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം. തമിഴ്‌നാട്, കേരളം, കര്‍ണ്ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ദല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലൂടെ യാത്ര ചെയ്താണ് ജമ്മുവിലെ ശ്രീനഗറില്‍ യാത്ര സമാപിക്കുന്നത്.












Click it and Unblock the Notifications