ഇറാനില്‍ കുടുങ്ങിയത് 6000 ഇന്ത്യക്കാര്‍: തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതായി സര്‍ക്കാര്‍
ദില്ലി: ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രാലയം. 6000 ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇറാനിലെ വിവിധ പ്രവിശ്യകളിലായി കുടുങ്ങിക്കിടക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് അറിയിച്ചത്.
ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 6000 ഇന്ത്യക്കാരാണ് ഇറാനിലെ വിവിധ പ്രവിശ്യകളിലായി കുടുങ്ങിക്കിടക്കുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമേ കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 1,100 ഇന്ത്യന്‍ തീര്‍ത്ഥാടകരും ഇവരില്‍ ഉള്‍പ്പെടുന്നു. ജമ്മു കശ്മീരില്‍ നിന്നുള്ള 300 വിദ്യാര്‍ത്ഥികളും 1000 മത്സ്യതൊഴിലാളികളും ഇറാനില്‍ കുടുങ്ങിയവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു.

തീര്‍ത്ഥാടകരുള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ളവരെ പെട്ടെന്ന് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ മുന്‍ഗണന നല്‍കുന്നത് ഇറാനില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ തിരികെയെത്തിക്കുന്നതിനാണ്. കൊറോണ വൈറസ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഖോമിലാണ് ഏറെ ഇന്ത്യക്കാരും കുടുങ്ങിക്കിടക്കുന്നത്. ഈ പ്രദേശത്ത് തുടരുന്നത് വെല്ലുവിളിയായ സാഹചര്യത്തില്‍ ഇന്ത്യക്കാരുടെ പ്രായം കുടി പരിഗണിച്ചായിരിക്കും തിരിച്ചെത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇറാനില്‍ നിന്ന് ഇതിനകം 529 സാമ്പിളുകളാണ് ഇന്ത്യയില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 299 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. സമാന അവസ്ഥായാണ് ഇറ്റലിയിലുമുള്ളത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇറ്റലിയിലേക്ക് ഇന്ത്യ ഇതിനകം മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. കൊറോണ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാത്തരത്തിലുള്ള വിസകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ബുധനാഴ്ച ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ വിസാ വിക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 15 വരെയാണ് വിലക്ക് പ്രാബല്യത്തിലുള്ളത്. ഇന്ത്യയില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന വിദേശികളുടെ എണ്ണം പരിഗണിച്ചാണ് നിയന്ത്രണം. ഉത്തര്‍പ്രദേശില്‍ നിന്ന് 13 പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 73ലെത്തിയിരുന്നു. മഹാരാഷ്ട്ര, ദില്ലി, ലഡാക്ക് എന്നിവിടങ്ങളില്‍ നിന്നാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.












Click it and Unblock the Notifications