വിദേശത്തെത്തിയാല്‍ രാഹുലിന്റെ ശരീരത്തില്‍ ജിന്നയുടെ ആത്മാവ് കയറും; വിമര്‍ശനവുമായി ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി. രാഹുല്‍ ഗാന്ധി വിദേശത്തായിരിക്കുമ്പോഴാണ് ജിന്നയുടെ ആത്മാവ് അദ്ദേഹത്തില്‍ കടന്ന് കൂടുന്നത് എന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യവെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഇതിന് എതിരെയാണ് മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുമ്പോള്‍, ജിന്നയുടെ ആത്മാവോ അല്‍-ഖ്വയ്ദയെപ്പോലുള്ളവരുടെ ചിന്തയോ അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രവേശിക്കുകയാണ് എന്നും ഇന്ത്യയില്‍ വന്ന് ഒരു നല്ല ഭൂതോച്ചാടനം (മന്ത്രവാദം) നടത്താനാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത് എന്നും മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്യൂഡല്‍ ഭരണം അവസാനിപ്പിച്ചു. ഇത് എങ്ങനെയാണെന്ന് രാഹുലിന് ഇനിയും മനസിലായിട്ടില്ല. അത് അംഗീകരിക്കാന്‍ കഴിയാത്തതാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം എന്നും അദ്ദേഹം പരിഹസിച്ചു. രാഹുല്‍ ഗാന്ധി ജനാധിപത്യത്തെ രാജവംശവുമായാണ് താരതമ്യപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി കരാര്‍ ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തെ മുസ്ലീങ്ങളെ ച്യൂയിംഗം പോലെ ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തി. അധികാരം നഷ്ടപ്പെട്ടതില്‍ കോണ്‍ഗ്രസ് നേതാവ് വിലപിക്കുകയാണ് എന്നാണ് കേശവ് പ്രസാദ് മൗര്യ പറഞ്ഞത്.
ലണ്ടന്‍ മുതല്‍ അമേരിക്ക വരെ രാഹുല്‍ മോദിക്കെതിരെ സംസാരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവാസികളെ എങ്ങനെയാണ് രാജ്യം എതിരേറ്റത് എന്ന് അവരോട് ചോദിക്കാന്‍ ധൈര്യമുണ്ടോ എന്നും മൗര്യ ചോദിച്ചു. പത്ത് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയാണ് രാഹുല്‍ ഗാന്ധി സാന്‍ ഫ്രാന്‍സിസ്‌കോയിലെത്തിയത്. അവിടെ അദ്ദേഹം ഇന്ത്യന്‍ പ്രവാസികളുമായും അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളുമായും സംവദിക്കും.
ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാന്‍ ബി ജെ പി ചെങ്കോല്‍ ആണ് ഉപയോഗിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.












Click it and Unblock the Notifications