മാട്രിമോണിയല്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് 65 കാരന്‍; ഹണിട്രാപ്പില്‍പ്പെട്ട് നഷ്ടപ്പെട്ടത് 60 ലക്ഷം രൂപ
സൈബര്‍ ഇടങ്ങളിലെ ഹണി ട്രാപ്പ് കേസുകളില്‍ അറസ്റ്റിലാകുന്നവരില്‍ മിക്കവരും സ്ത്രീകളുടെ പേരുകളും പ്രൊഫൈല്‍ ഫോട്ടോകളും ഉപയോഗിക്കുന്ന പുരുഷന്‍മാരാണ് എന്നാണ് പൊലീസ് പറയുന്നത്

മുംബൈ: മാട്രിമോണിയല്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത 65 കാരനായ വിഭാര്യനെ ഹണിട്രാപ്പില്‍ കുടുക്കി യുവതി 60 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈയിലാണ് സംഭവം. വീഡിയോ കോളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി വൃദ്ധനെ ബ്ലാക്ക്‌മെയില്‍ ചെയ്തായിരുന്നു പണം തട്ടിയെടുത്തത്. സംഭവത്തില്‍ മുംബൈ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്... ഭാര്യ മരിച്ച വൃദ്ധന്‍ വാര്‍ധക്യത്തില്‍ കൂടെ ഒരാളെ കൂട്ടണം എന്ന ആഗ്രഹത്തോടെ പുനര്‍വിവാഹത്തിനായാണ് മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പോര്‍ട്ടലില്‍ കണ്ടുമുട്ടിയ സ്ത്രീയുമായി ഇദ്ദേഹം ചാറ്റിംഗ് തുടങ്ങി.
ഇതിന് ശേഷം ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറി വിളിക്കാനും തുടങ്ങി. ഇതിനിടെയാണ് ഒരിക്കല്‍ വീഡിയോ കോളിനിടെ യുവതി തന്റെ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റിയത്. പിന്നാലെ ഇതുപോലെ ചെയ്യാന്‍ വൃദ്ധനോടും ആവശ്യപ്പെട്ടു. ഇദ്ദേഹം വസ്ത്രം അഴിച്ചുമാറ്റുന്നതിനിടെ സ്ത്രീ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു.
പിന്നീട് ഇത് പരസ്യപ്പെടുത്തും എന്നും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വൃദ്ധനില്‍ നിന്നും പണം തട്ടിയെടുത്തത്. രണ്ട് മാസത്തോളും സ്ത്രീ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതുവരെ ആകെ 60 ലക്ഷത്തോളം രൂപ നല്‍കിയിട്ടുണ്ട് എന്നാണ് വൃദ്ധന്‍ പരാതിയില്‍ പറയുന്നത്.

ഒടുവില്‍ മാനസിക പീഡനവും സാമ്പത്തിക നഷ്ടവും സഹിക്കവയ്യാതെ സൈബര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതി ഉപയോഗിച്ച വാട്സ്ആപ്പ് നമ്പറിന്റെയും ഇയാള്‍ പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്റെയും വിശദാംശങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴി ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കാറുണ്ടെങ്കിലും മാട്രിമോണിയല്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയെ ലക്ഷ്യമിട്ട് ഇതാദ്യത്തെ സംഭവമാണ് എന്ന് പൊലീസ് പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ പോലീസ് സെല്ല് ആണ് കേസ് അന്വേഷിക്കുന്നത്.
സ്ത്രീകളുടെ പേരുകളും പ്രൊഫൈല്‍ ഫോട്ടോകളും ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളിലൂടെ പുരുഷന്മാരാണ് ഇത്തരത്തിലുള്ള പല ലൈംഗികാതിക്രമ കേസുകളിലും പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും എന്നും കുറ്റവാളികളെ പുറത്ത് കൊണ്ട് വരും എന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications