മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറണമെന്ന് യുഎസ് കോടതി
വാഷിംഗ്ടണ്‍: 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണ വിധേയനായ പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് യുഎസ് കോടതി. യു എസ് സര്‍ക്കാര്‍ മുഖേനയുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥന കോടതി അംഗീകരിക്കുകയായിരുന്നു. 2020 ജൂണ്‍ 10 ന് ഇന്ത്യ- അമേരിക്ക കരാര്‍ പ്രകാരം 62 കാരനായ റാണയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പരാതി നല്‍കിയിരുന്നു.
ഇതുപ്രകാരം റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ ബൈഡന്‍ ഭരണകൂടം അംഗീകരിച്ചിരുന്നു. ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ അനുകൂലിച്ചും എതിര്‍ത്തും സമര്‍പ്പിച്ച എല്ലാ രേഖകളും കോടതി അവലോകനം ചെയ്തുവെന്ന് യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയിലെ മജിസ്ട്രേറ്റ് ജഡ്ജി ജാക്വലിന്‍ ചൂല്‍ജിയാന്‍ ഉത്തരവില്‍ പറഞ്ഞു. പ്രമാദമായ 26/11 ആക്രമണത്തില്‍ ആണ് നിര്‍ണായക ഉത്തരവ്.

കേസില്‍ റാണയുടെ പങ്കിനെ കുറിച്ച് എന്‍ഐഎ അന്വേഷിക്കുകയാണ്. നയതന്ത്ര ചാനലുകള്‍ മുഖേന ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ എന്‍ഐഎ ആരംഭിച്ചിട്ടുണ്ട്. തന്റെ ബാല്യകാല സുഹൃത്തായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്ക് ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്ന് റാണയ്ക്ക് അറിയാമായിരുന്നു എന്നാണ് യുഎസ് സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചത്.
റാണ, ഹെഡ്ലിയെ സഹായിക്കുകയും അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിരക്ഷ നല്‍കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഹെഡ്ലിയുടെ യോഗങ്ങള്‍, ചര്‍ച്ച ചെയ്ത കാര്യങ്ങള്‍, ആക്രമണങ്ങളുടെ ആസൂത്രണം എന്നിവ റാണയ്ക്ക് അറിയാമായിരുന്നു. റാണ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒരു ഭീകരപ്രവര്‍ത്തനം എന്ന ഗുരുതരമായ കുറ്റകൃത്യം അദ്ദേഹം ചെയ്തതിന് സാധ്യതയുണ്ടെന്നും യുഎസ് സര്‍ക്കാര്‍ വാദിച്ചു.
അതേസമയം റാണയുടെ അഭിഭാഷകന്‍ അദ്ദേഹത്തെ കൈമാറുന്നതിനെ എതിര്‍ത്തു. 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാരുള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമികള്‍ മരണം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കൃത്യം നടത്തിയത് എന്നും അതിനാല്‍ കൊലപാതകത്തിനുള്ള ഘടകങ്ങള്‍ തൃപ്തികരമാകുമെന്നതിന് മതിയായ തെളിവുകളുണ്ടെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടി നിലവിലുണ്ട് എന്നും അതിനാല്‍ തന്നെ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് ഉടമ്പടിയുടെ അധികാരപരിധിക്ക് കീഴിലാണെന്നും കോടതി വിധിച്ചു. യുദ്ധം നടത്താനുള്ള ഗൂഢാലോചന, കൊലപാതകം, വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കല്‍, ഭീകരപ്രവര്‍ത്തനം നടത്തുക, യുദ്ധം ചെയ്യുക, കൊലപാതകം, ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് റാണയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications