നിക്കാഹ് നടന്നത് അമ്പലത്തില്‍; വ്യത്യസ്തമായി മുസ്ലിം വിവാഹം... മൗലവിയും അഭിഭാഷകനുമെത്തി
വിഎച്ച്പിയുടെയും ആര്‍എസ്എസിന്റെയും ഓഫീസ് പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിലായിരുന്നു വിവാഹം

ന്യൂഡല്‍ഹി: പള്ളിയിലോ ഓഡിറ്റോറിയത്തിലോ വീട്ടിലോ ആണ് സാധാരണ മുസ്ലിം വിവാഹങ്ങള്‍ നടക്കാറ്. മുസ്ലിം വിവാഹത്തിന്റെ പ്രധാന ചടങ്ങാണ് നിക്കാഹ്. വരന്‍ വധുവിന്റെ രക്ഷിതാവുമായോ വധു നിയോഗിക്കുന്ന വ്യക്തിയുമായോ വിവാഹ കരാറുണ്ടാക്കുന്നതാണ് നിക്കാഹ്. ഇതിന്റെ ചില സാക്ഷികള്‍ വേണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ വ്യത്യസ്തമായൊരു മുസ്ലിം വിവാഹം നടന്നതാണ് പുതിയ വാര്‍ത്ത.
ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയിലാണ് സംഭവം. മുസ്ലിം ദമ്പതികളുടെ വിവാഹം നടന്നിരിക്കുന്നത് പ്രദേശത്തെ ക്ഷേത്രത്തിലാണ്. രാംപൂരില്‍ വിശ്വ ഹിന്ദു പരിഷത്ത് നടത്തുന്ന താക്കൂര്‍ സത്യനാരായണ്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. മുസ്ലിം, ഹിന്ദു സമുദായത്തിലെ അംഗങ്ങള്‍ പങ്കെടുത്തു. ഒരു മൗലവിയാണ് നിക്കാഹ് നടത്തിയത്. ഒരു അഭിഭാഷകനും സന്നിഹിതനായിരുന്നു. കൂടെ സാക്ഷികളും.
മതസൗഹാര്‍ദം പ്രകടിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ വിവാഹം നടത്തിയതെന്ന് വധുവരന്മാരുടെ ബന്ധുക്കള്‍ പറയുന്നു. ജനങ്ങള്‍ തമ്മിലുള്ള മാനസിക പൊരുത്തമാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു. ഈ ക്ഷേത്ര കോംപൗണ്ടില്‍ തന്നെയാണ് ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രം താക്കൂര്‍ സത്യനാരായണ്‍ ട്രസ്റ്റ് ആണ് നടത്തുന്നത്. വിഎച്ച്പിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
വിഎച്ച്പിയും ആര്‍എസ്എസും മുസ്ലിം വിരുദ്ധരാണ് എന്ന പ്രചാരണം ശരിയല്ലെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വിനയ് ശര്‍മ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇവിടെ മുസ്ലിം ദമ്പതികളുടെ വിവാഹമാണ് ക്ഷേത്രത്തില്‍ വച്ച് നടന്നിരിക്കുന്നത്. സനാതന ധര്‍മത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ഇത്തരം കാര്യങ്ങള്‍ എല്ലാവരും മാതൃകയാക്കണമെന്നും വിനയ് ശര്‍മ പറഞ്ഞു.
സത്യനാരായണ്‍ ക്ഷേത്രത്തിലാണ് മകളുടെ വിവാഹം നടന്നതെന്ന് വധുവിന്റെ പിതാവ് മഹേന്ദ്ര സിങ് മാലിക് പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ക്ഷേത്രമാണിത്. വിവാഹവുമായി അവര്‍ സഹകരിച്ചുവെന്നും പിതാവ് പറഞ്ഞു. സൗഹാര്‍ദ്ദത്തിന്റെ പുതിയ സന്ദേശമാണ് ഇതിലൂടെ രാംപൂരിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒരാളും മറ്റൊരാളെ തെറ്റിദ്ധരിപ്പിക്കരുത്. പരസ്പര സൗഹാര്‍ദം നശിപ്പിക്കരുത്. മകള്‍ എംടെക് സിവില്‍ എഞ്ചിനിയറാണ്. സ്വര്‍ണ മെഡല്‍ ജേതാവുമാണ്. മരുമകന്‍ സിവില്‍ എഞ്ചിനിയറാണെന്നും പെണ്‍കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications