മുസ്തഫാബാദ് ഇനി കബീര്‍ധാം? പേരു മാറ്റാനുള്ള കാരണങ്ങള്‍ നിരത്തി യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരായ മുസ്തഫാബാദ് കബീര്‍ധാം എന്നു മാറ്റുമെന്നു പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ നടന്ന സ്മൃതി മഹോത്സവ മേളയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുസ്തഫാബാദ് എന്ന ഗ്രാമത്തിന്റെ പേരാണ് മാറ്റാന്‍ ഒരുങ്ങുന്നത്.
നേരത്തെ തന്നെ വിവിധ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദത്തിലായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്രശസ്ത ഹിന്ദി കവി സന്ത് കബീര്‍ ദാസിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് ഇങ്ങനെയൊരു പ്രഖ്യാപനം എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഞങ്ങള്‍ ഈ നിര്‍ദേശം കൊണ്ടുവരികയും മുന്നോട്ടു പോവുകയും ചെയ്യുമെന്ന് ആദിത്യനാഥ് പറഞ്ഞു. കവി സന്ത് കബീറുമായി ബന്ധപ്പെട്ട സ്ഥലത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പൈതൃകം പുനഃസ്ഥാപിക്കാന്‍ പേര് മാറ്റം സഹായിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ പുരാതന നഗരമായ വാരണാസിയിലാണ് കബീര്‍ ദാസ് ജനിച്ചത്.

'നേരത്തെ ഭരിച്ചവര്‍ അയോധ്യയെ ഫൈസാബാദ് എന്നും പ്രയാഗ് രാജിനെ അലഹബാദ് എന്നും കബീര്‍ധാമിനെ മുസ്തഫാബാദ് എന്നും പേര് മാറ്റി. ഞങ്ങളുടെ സര്‍ക്കാര്‍ ആ കാര്യങ്ങളെല്ലാം തിരുത്തുകയാണ്. അയോധ്യ, പ്രയാഗ് രാജ് എന്നീ പേരുകള്‍ പുനഃസ്ഥാപിച്ചു. ഇപ്പോള്‍ മുസ്തഫാബാദിനെ അതിന്റെ യഥാര്‍ത്ഥ പേരായ കബീര്‍ധാം എന്ന് പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗ്രാമത്തില്‍ മുസ്ലീം ജനസംഖ്യ ഇല്ലാതിരുന്നിട്ടും മുസ്തഫാബാദ് എന്ന പേരിലാണ് ആ ഗ്രാമം അറിയപ്പെടുന്നതെന്ന് അറിഞ്ഞപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടു. തുടര്‍ന്നാണ് കബീര്‍ധാം എന്ന് പേര് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.
'ഞാന്‍ ഈ ഗ്രാമത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു. അതിന്റെ പേര് മുസ്തഫാബാദ് എന്നാണെന്ന് അറിഞ്ഞു. ഇവിടെ എത്ര മുസ്ലീങ്ങള്‍ താമസിക്കുന്നുണ്ടെന്ന് ചോദിച്ചപ്പോള്‍ ആരും ഇല്ലെന്നാണ് മറുപടി ലഭിച്ചത്. അപ്പോഴാണ് കബീര്‍ധാം എന്ന പേര് മാറ്റാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത് - മുഖ്യമന്ത്രി സദസിനോട് പറഞ്ഞു. ഈ നിര്‍ദേശം യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ എല്ലാ ഭരണപരമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തുടനീളമുള്ള എല്ലാ വിശ്വാസ കേന്ദ്രങ്ങളെയും വികസിപ്പിക്കുന്നതിനും മനോഹരമാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളും മനോഹരമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്തര്‍ക്കായി വിശ്രമ കേന്ദ്രങ്ങളും അഭയകേന്ദ്രങ്ങളും നിര്‍മ്മിക്കണം. ടൂറിസം, സാംസ്‌കാരിക വകുപ്പുകള്‍ വഴി കാശി, അയോധ്യ, കുശിനഗര്‍, നൈമിഷാരണ്യം, മഥുര-വൃന്ദാവന്‍, ബര്‍സാന, ഗോവര്‍ദ്ധന്‍ എന്നിങ്ങനെ എല്ലാ പ്രധാന വിശ്വാസ കേന്ദ്രങ്ങളും പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications