മൈസൂര്‍ കൂട്ടബലാല്‍സംഗം; പോലീസിനെ കുരുക്കി ഇര സ്ഥലംവിട്ടു, പ്രതികള്‍ രക്ഷപ്പെട്ടേക്കും
ബെംഗളൂരു: കോളിളക്കം സൃഷ്ടിച്ച മൈസൂര്‍ കൂട്ടബലാല്‍സംഗ കേസിലെ ഇര കുടുംബത്തോടൊപ്പം നഗരം വിട്ടു. പോലീസില്‍ മൊഴി നല്‍കാതെയാണ് പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനി പോയത്. ഇത് അറസ്റ്റിലായ പ്രതികള്‍ രക്ഷപ്പെടാനിടയാക്കുമെന്നാണ് സൂചന. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലാത്തതാണോ അതോ ഭയമാണോ മൊഴി നല്‍കാതിരിക്കാന്‍ കാരണം എന്ന് വ്യക്തമല്ല. കുടുംബത്തോടൊപ്പമാണ് 23കാരിയായ വിദ്യാര്‍ഥിനി നഗരം വിട്ടതെന്ന് പോലീസ് പറയുന്നു.
ഇരയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടിയിലായിരുന്നു പോലീസ്. വിദ്യാര്‍ഥിനിയുടെ കാമുകന്റെ മൊഴിയിലാണ് കേസെടുത്തതും അന്വേഷണം നടത്തിയതും. തമിഴ്‌നാട്ടില്‍ നിന്ന് അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പീഡനത്തിന്റെ ആഘാതത്തില്‍ നിന്ന് ഇര മുക്തയായിട്ടില്ലാത്തതിനാല്‍ മൊഴി രേഖപ്പെടുത്താനായിരുന്നില്ല. മാനസിക ആരോഗ്യം വീണ്ടെടുത്ത ശേഷം മൊഴിയെടുക്കാമെന്ന് പോലീസ് കരുതിയിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ഥിനി മൊഴി നല്‍കാതെ മടങ്ങിയിരിക്കുന്നത്. മൊഴി നല്‍കാന്‍ വിദ്യാര്‍ഥിനി തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ചയാണ് വൈകീട്ടാണ് മൈസൂരുവില്‍ കൂട്ടബലാല്‍സംഗം നടന്നത്. ചാമുണ്ഡിഹില്‍സിനോട് ചേര്‍ന്ന പ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു പീഡനം. വിദ്യാര്‍ഥിനും സഹപാഠിയും ഇവിടെ എത്തിയ വേളയില്‍ ചിലര്‍ വന്ന് പണം ചോദിക്കുകയും ശേഷം വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് അവശനാക്കി വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിയുടെ കരച്ചില്‍ കേട്ട നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു.
യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് വലിയ വിവാദമായി. പെണ്‍കുട്ടി എന്തിന് ഈ സമയം യുവാവുമൊത്ത് ആളൊഴിഞ്ഞ പ്രദേശത്ത് പോയി എന്ന കര്‍ണാടക മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. പ്രതിഷേധം ശക്തായതോടെ അഞ്ച് പ്രതികളെ പോലീസ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. എന്നാല്‍ പീഡനത്തിന് ഇരയായ യുവതിയുടെ മൊഴിയെടുക്കാന്‍ സാധിച്ചിരുന്നില്ല.
ബസ് ടിക്കറ്റ്, സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ മദ്യക്കുപ്പികള്‍, മൊബൈല്‍ ടവര്‍ പരിശോധനയില്‍ തെളിഞ്ഞ ഫോണ്‍ രേഖകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ്. ആറാമനെ പോലീസ് തിരയുകയാണ്. പ്രതികളെ പത്ത് ദിവസം പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടുകൊടുത്തിരുന്നു.
Recommended Video
കൃത്യം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലം പോലീസ് വിശദമായി പരിശോധിച്ചിരുന്നു. തമിഴ്‌നാട്ടിലെ തല്‍വാഡിയില്‍ നിന്ന് കര്‍ണാടകത്തിലെ ചാംരാജ് നഗരത്തിലേക്ക് എടുത്ത ബസ് ടിക്കറ്റ് കണ്ടെത്തി. തമിഴ്‌നാട് എക്‌സൈസ് വകുപ്പിന്റെ സീലുള്ള മദ്യക്കുപ്പികളും കണ്ടെടുത്തു. ഇതോടെയാണ് പ്രതികള്‍ തമിഴ്‌നാട്ടുകാരാണ് എന്ന സംശയം ഉയര്‍ന്നത്. ചാംരാജ് നഗറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കോള്‍ പോയതായും കണ്ടെത്തി. ഇതോടെയാണ് പ്രതികളിലേക്ക് പോലീസ് വേഗം അടുത്തത്. എന്നാല്‍ ഇര മൊഴി നല്‍കാന്‍ വിസമ്മതിച്ചതിന് യഥാര്‍ഥ കാരണം വ്യക്തമല്ല. പോലീസ് സംഘം ഇവരുടെ നാട്ടിലേക്ക് പോകുമെന്നാണ് വിവരം.












Click it and Unblock the Notifications