പണം വേണ്ട, നീതി മതി... സര്‍ക്കാരിനെ വെട്ടിലാക്കി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍; നടപടി വരുമോ
കൊഹിമ: നാഗാലാന്റില്‍ സൈനികരുടെ വെടിയേറ്റ മരിച്ചവരുടെ ബന്ധുക്കള്‍ സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കുന്നു. നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം നടന്നില്ല. സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് കുടുംബങ്ങള്‍ വ്യക്തമാക്കി. ഉറ്റവരെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നത് വരെ ഒരു സാമ്പത്തിക സഹായവും സ്വീകരിക്കില്ലെന്നു അവര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഗ്രാമമായ ഓട്ടിങിലെ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാരിന് കത്തയച്ചത്. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സപ നിയമം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണമായും എടുത്തുമാറ്റണണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഡിസംബര്‍ അഞ്ചിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. മന്ത്രി പൈവാങ് കോന്‍യാകും ഡെപ്യൂട്ടി കമ്മീഷണറും ചേര്‍ന്നാണ് പണം കൊണ്ടുവന്നത്. 1830000 രൂപയാണ് അവര്‍ നല്‍കിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഘഡുവാണിതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ സ്വീകരിച്ചില്ല. പണമില്ല, നീതിയാണ് വേണ്ടതെന്ന് ഞങ്ങള്‍ വ്യക്തമാക്കിയെന്ന് ഗ്രാമ സമിതി സര്‍ക്കാരിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി. 21 സൈനികരാണ് വെടിവയ്പ്പിന് പിന്നില്‍. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മാത്രമല്ല, മേഖലയില്‍ നിന്ന് അഫ്‌സ്പ പിന്‍വലിക്കുകയും വേണം. അതുവരെ ഞങ്ങള്‍ ഈ നഷ്ടപരിഹാര തുക സ്വീകരിക്കില്ലെന്നും കത്തില്‍ പറയുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയുമാണ് നാഗാലാന്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഖ്യയാണിത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 11 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയുമാണ് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഗ്രാമീണര്‍ നിലപാട് വ്യക്തമാക്കിയതോടെ സര്‍ക്കാരിന്റെ ആശ്വാസ നടപടികള്‍ ഫലമില്ലാതായി. ഏത് സമയവും സമര ഭൂമിയായി മാറാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് നാഗാലാന്റ്. ഒട്ടേറെ സായുധ സംഘങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണിത്. അതുകൊണ്ടുതന്നെ ഗ്രാമ സമിതിയുടെ തീരുമാനം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
ഒരു സൈനികനും 13 ഗ്രാമീണരുമാണ് നാഗാലാന്റിലെ മോന്‍ ജില്ലയില്‍ ഈ മാസം ആദ്യത്തില്‍ കൊല്ലപ്പെട്ടത്. സൈനികര്‍ക്ക് അബദ്ധം പറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍ക്കരി ഖനിയില്‍ ജോലി കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന തൊഴിലാളികളെയാണ് വെടിവച്ച് കൊന്നത്. ഇതില്‍ ക്ഷുഭിതരായ ഗ്രാമീണര്‍ സൈനികരെ ആക്രമിച്ചു. നാഗാലാന്റ് സര്‍ക്കാരും സൈന്യവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ജോലി കഴിഞ്ഞ് മടങ്ങിയെത്തേണ്ട സമയം കഴിഞ്ഞിട്ടും ഖനി തൊഴിലാളികള്‍ എത്താതിരുന്നതോടെയാണ് ഗ്രാമീണര്‍ തിരച്ചില്‍ ആരംഭിച്ചത്. ഇവരെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് സാഹചര്യം കൈവിട്ടത്. സംഭവത്തെ തുടര്‍ന്ന് കൊഹിമയിലെ ഏറ്റവും വലിയ ഉല്‍സവമായ ഹോണ്‍ബില്‍ നിര്‍ത്തിവച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ഗവര്‍ണര്‍ ജഗദീഷ് മുഖി ഉത്തരവ് പുറപ്പെടുവിച്ചു. വെടിവയ്പ് നടത്തിയ സൈനികര്‍ക്കെതിരെ പട്ടാള വിചാരണ നടക്കും.


Click it and Unblock the Notifications