ഇനി നമോ മെട്രോ ട്രെയിനില്‍ കുതിക്കാം; മീററ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് 40 മിനുറ്റ് മാത്രം: കേരളത്തിലും വരും
ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആദ്യ നമോ മെട്രോ ട്രെയിൻ സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സാഹിബാബാദിനും ന്യൂ അശോക് നഗറിനും ഇടയില്‍ 4600 കോടി രൂപ ചിലവിട്ട 13 കിലോമീറ്റര്‍ നീളത്തില്‍ നിർമ്മിച്ച ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. സാഹിബാബാദ് ആര്‍ ആർ ടി എസ് (മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) സ്റ്റേഷനില്‍നിന്ന് ന്യൂ അശോക് നഗര്‍ ആര്‍ ആർ ടി എസ് സ്റ്റേഷന്‍ വരെ പ്രധാനമന്ത്രി ട്രെയിനില്‍ സഞ്ചരിച്ചു.
82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് ആര്‍ ആർ ടി എസ് ഇടനാഴി പൂർത്തീകരിക്കുന്നതോടെ ഡൽഹിക്കും മീററ്റിനും ഇടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറോളം കുറയ്ക്കാന്‍ സാധിക്കും. ഡൽഹി-മീററ്റ് റൂട്ടില്‍ ന്യൂ അശോക് നഗറിൽ നിന്നുള്ള നിരക്ക് സ്റ്റാൻഡേർഡ് കോച്ചിന് 150 രൂപയും പ്രീമിയം കോച്ചിന് 225 രൂപയുമായിരിക്കും. അതേസമയം സ്റ്റാൻഡേർഡ് കോച്ചിൻ്റെ മിനിമം നിരക്ക് 20 രൂപയും പ്രീമിയം കോച്ചിൽ 30 രൂപയുമായിരിക്കും.

സാഹിബാബാദിനും മീററ്റിനും ഇടയിലുള്ള ഇടനാഴിയുടെ 42 കിലോമീറ്റർ നീളത്തിൽ ഒമ്പത് സ്റ്റേഷനുകളാണ് സ്ഥിതി ചെയ്യുന്നത്. 2023 ൽ ആരംഭിച്ച ആര്‍ ആർ ടി എസ് ട്രെയിൻ സർവീസുകൾ മീററ്റിനും ഗാസിയാബാദിനും ഇടയിലാണ് നിലവില്‍ പ്രവർത്തിക്കുന്നത്.
അതേസമയം, ഡല്‍ഹി മെട്രോ നാലാം ഘട്ടത്തില്‍ ജനക്പുരിക്കും കൃഷ്ണ പാര്‍ക്കിനുമിടയില്‍ 1,200 കോടി രൂപ ചെലവ് വരുന്ന 2.8 കിലോമീറ്റര്‍ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്ന ആദ്യ പാതയാണിത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കൃഷ്ണ പാര്‍ക്ക്, വികാസ്പുരിയുടെ ചില ഭാഗങ്ങള്‍, ജനക്പുരി തുടങ്ങിയ പ്രദേശങ്ങള്‍ക്ക് ഇതോടെ മെട്രോ സേവനം ലഭിക്കും.
ഡല്‍ഹി മെട്രോ നാലാം ഘട്ടത്തിലെ മറ്റൊരു പ്രധാന വികസനമായ റിഠാല - കുണ്ഡ്‌ലി സെക്ഷന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. 26.5 കിലോമീറ്റര്‍ നീളത്തില്‍ വരുന്ന പാതയ്ക്ക് 6230 കോടി രൂപയാണ് ചിലവ് വരുന്നത്. ഈ ഇടനാഴി ഡല്‍ഹിയിലെ റിഠാലയെ ഹരിയാനയിലെ നാഥുപുരുമായി (കുണ്ഡ്ലി) ബന്ധിപ്പിക്കും. ഇത് ഡല്‍ഹിയുടെയും ഹരിയാനയുടെയും വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സമ്പര്‍ക്കസൗകര്യം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കും.
രോഹിണി, ബവാന, നരേല, കുണ്ഡ്ലി എന്നിവ ഉള്‍പ്പെടുന്ന പ്രധാന മേഖലകളില്‍ പാര്‍പ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിലേക്കും മെട്രോയിലൂടെ എത്താന്‍ സാധിക്കും. ന്യൂഡല്‍ഹിയിലെ രോഹിണിയില്‍ 185 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കേന്ദ്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിഎആര്‍ഐ) പുതിയ അത്യാധുനിക കെട്ടിടത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
അത്യാധുനിക ആരോഗ്യ പരിരക്ഷയും വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യങ്ങളും കാമ്പസില്‍ ഒരുങ്ങും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഒപിഡി ബ്ലോക്ക്, ഐപിഡി ബ്ലോക്ക്, പ്രത്യേക ചികിത്സാ ബ്ലോക്ക് എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടം രോഗികള്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ, സംയോജിതവും തടസ്സമില്ലാത്തതുമായ ആരോഗ്യ പരിപാലന അനുഭവം ഉറപ്പാക്കും.
അതേസമയം, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ഗതാഗത മേഖലയിലേക്കു പത്തു പുതിയ നമോ ഭാരത് ട്രെയിനുകള്‍ വരുമെന്ന വാർത്ത നേരത്തേയുണ്ടായിരുന്നു. ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകളും സി സി ടി വി ക്യാമറകളുമുള്ള ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറില്‍ 130 കിലോമീറ്ററാണ്.












Click it and Unblock the Notifications