കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്ത നിയമം പറ്റുമോ? ഏകസിവില്‍ കോഡില്‍ നരേന്ദ്ര മോദി
ഭോപ്പാല്‍: ഏകസിവില്‍ കോഡ് ചര്‍ച്ച സജീവമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്ത നിയമവുമായി മുന്നോട്ട് പോകാന്‍ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ബിജെപി ബൂത്ത് തല ഏജന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ഒരു കുടുംബമാണ്. കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്തമായ നിയമം പറ്റുമോ. വ്യത്യസ്ത നിയമവുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കും. സുപ്രീംകോടതിയാണ് ഏകസിവില്‍ കോഡ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നവര്‍ അവരുടെ താല്‍പ്പര്യത്തിന് വേണ്ടി ജനങ്ങളെ ഇളക്കിവിടുകയാണ്. ഏത് പാര്‍ട്ടിയാണ് തങ്ങളെ പ്രകോപിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുന്നതെന്ന് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് അറിയാം. എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം എന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. സുപ്രീംകോടതിയും ഏകസിവില്‍കോഡ് നടപ്പാക്കാനാണ് പറയുന്നതെന്നും മോദി വിശദീകരിച്ചു.
മുത്തലാഖ് പല മുസ്ലിം രാജ്യങ്ങളും അംഗീകരിക്കുന്നില്ല. ഈജിപ്ത്, ഇന്തോനേഷ്യ, ഖത്തര്‍, ജോര്‍ദാന്‍, സിറിയ, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലൊന്നും മുത്തലാഖില്ല. 90 ശതമാനം സുന്നി മുസ്ലിങ്ങള്‍ താമസിക്കുന്ന രാജ്യമാണ് ഈജിപ്ത്. 80 വര്‍ഷം മുമ്പ് മുത്തലാഖ് ഈജിപ്ത് ഉപേക്ഷിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
മുത്തലാഖിന് വേണ്ടി വാദിക്കുന്നവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. മുസ്ലിം പെണ്‍കുട്ടികളോട് അവര്‍ അനീതിയാണ് കാണിക്കുന്നത്. ഇത് സ്ത്രീകളുടെ മാത്രം ആശങ്കയല്ല. ഒരു കുടുംബത്തെ മൊത്തം തകര്‍ക്കുന്നതാണ്. വലിയ പ്രതീക്ഷയോടെയാണ് പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്നത്. എന്നാല്‍ മുത്തലാഖിന് ശേഷം അവര്‍ തിരിച്ചെത്തുന്നു. സ്ത്രീകളെ കുറിച്ച് രക്ഷിതാക്കളും സഹോദരങ്ങളും ആശങ്കയിലാണെന്നും മോദി പറഞ്ഞു.
മുത്തലാഖ് നിരോധിച്ചതില്‍ മുസ്ലിം പെണ്‍കുട്ടികള്‍ സന്തോഷത്തിലാണ്. ഞാന്‍ എവിടെ പോയാലും അവര്‍ ഒപ്പം നില്‍ക്കുന്നതിന് കാരണവും അതാണ്. ബിജെപിയെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ മുസ്ലിങ്ങളോട് ഗുണകാംക്ഷയുള്ളവരാണോ. അങ്ങനെയായിരുന്നു എങ്കില്‍ മുസ്ലിങ്ങള്‍ വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും പിന്നിലാകില്ലായിരുന്നു. പ്രയാസമേറിയ ജീവിതത്തിലേക്ക് എത്തില്ലായിരുന്നുവെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications