യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയെ കണ്ട് നരേന്ദ്ര മോദി; ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്‌ച
ന്യൂയോർക്ക്: യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎൻജിഎയുടെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ന്യൂയോർക്കിൽ വച്ച് ഉഭയകക്ഷി ചർച്ച നടന്നത്. യുക്രൈൻ-റഷ്യ സംഘർഷം പരിഹരിക്കുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും ഇന്ത്യ പിന്തുണ നൽകുമെന്ന് നരേന്ദ്ര മോദി കൂടിക്കാഴ്‌ചയിൽ ആവർത്തിച്ചു.
കൂടിക്കാഴ്‌ചയ്ക്ക് ശേഷം എക്‌സ് പോസ്‌റ്റിലൂടെ മോദി വിവരങ്ങൾ പങ്കുവച്ചു. ഇരുവരും ഹസ്‌തദാനം ചെയ്യുന്നതിന്റെയും ചർച്ച നടത്തുന്നതിന്റെയും ചിത്രങ്ങൾ ഉൾപ്പെടെ മോദി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ മാസം യുക്രൈനിലേക്ക് നടത്തിയ സന്ദർശനത്തിന്റെ ഭാഗമായി തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കിയെന്ന് ഉറപ്പാക്കാൻ കൂടിക്കാഴ്‌ചയ്ക്ക് കഴിഞ്ഞെന്ന് മോദി അറിയിച്ചു.

ത്രിദിന യുഎസ് സന്ദർശനത്തിന്റെ ഭാഗമായി ന്യൂയോർക്കിലെത്തിയ പ്രധാനമന്ത്രി മോദി, ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന യുഎൻ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയും ചെയ്‌തിരുന്നു. അതിന് ശേഷമാണ് സെലൻസ്‌കിയുമായി നിർണായക കൂടിക്കാഴ്‌ച നടന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഒപ്പമുണ്ടായിരുന്നു എന്നാണ് വിവരം.
ഇരു നേതാക്കളുടെയും ചർച്ചയിൽ ഉഭയകക്ഷി വിഷയങ്ങളും റഷ്യ-യുക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രതികരിച്ചു. മൂന്ന് മാസത്തിനിടെ രണ്ട് പേരും തമ്മിൽ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്‌ച കൂടിയാണിത്. വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് അഭിനന്ദനാർഹമാണെന്ന് സെലൻസ്‌കി വ്യക്തമാക്കിയതായി വിക്രം മിസ്രി തന്റെ പ്രസ്‌താവനയിൽ പറഞ്ഞു.
അതേസമയം, ഒരു മാസത്തിനിടെ ഇരുവരും നടത്തുന്ന രണ്ടാമത്തെ ഉഭയകക്ഷി ചർച്ച കൂടിയാണിത്. ആഗസ്‌റ്റ് 23ന് നരേന്ദ്ര മോദി ചരിത്രപരമായ തന്റെ യുക്രൈൻ സന്ദർശനത്തിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു. അന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. കൂടാതെ അതിന് മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പിന്നാലെ 1992ൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിച്ചത്. എന്നാൽ ഇതിന് പിന്നാലെ മോദി റഷ്യ സന്ദർശിച്ചതും പുടിനെ ആലിംഗനം ചെയ്‌തതും യുക്രൈന്റെ വിമർശനത്തിന് ഇടയാക്കിയിരുന്നു. പക്ഷേ ആ വിമർശനങ്ങളെ ഒക്കെ കാറ്റിൽ പറത്തികൊണ്ടാണ് ഇരുവരും വീണ്ടും ഉഭയകക്ഷി ചർച്ചകൾ നടത്തിയത്.












Click it and Unblock the Notifications