മോഡിയുടെ കാണ്‍പൂര്‍ റാലി; ദോഷമകറ്റാന്‍ സര്‍പ്പപൂജ?
കാണ്‍പൂര്‍: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ കാണ്‍പൂര്‍ റാലി ഒക്ടോബര്‍ 19 ശനിയാഴ്ച. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം മോഡി ആദ്യമായാണ് ഉത്തര്‍പ്രദേശില്‍ എത്തുന്നത്. മോഡിയുടെ റാലിയ്ക്ക് മുന്നോടിയായി ഒട്ടേറെ ഒരുക്കങ്ങളാണ് ഉത്തര്‍ പ്രദേശില്‍ നടത്തിയത്. വാസ്തു ശില്‍പ്പികളുടെ നേതൃത്ത്വത്തിലാണ് മോഡിയുടെ പ്രസംഗം നടക്കുന്ന വേദി നിര്‍മ്മിച്ചിരിയ്ക്കുന്നത്. 100അടി നീളവും 30 അടി വീതിയും ഉള്ളതാണ് പ്രസംഗ വേദി.
മാത്രമല്ല റാലിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജ്യോത്സ്യന്‍മാരെക്കൊണ്ട് പ്രത്യേക പൂജയും മറ്റും നടത്തി. ദോഷങ്ങള്‍ അകന്നുപോകുന്നതിനായി വെള്ളിയില്‍ തീര്‍ത്ത രണ്ട സര്‍പ്പ രൂപങ്ങളെ ഹോമാഗ്നിയില്‍ ദഹിപ്പിച്ചു. റാലി നടക്കുന്ന ഇന്ദിരാനഗറിലാണ് പൂജ നടന്നത്. മാത്രമല്ല മോഡി എപ്പോള്‍ വേദിയില്‍ എത്തുന്നതിനും തിരിച്ച് പോകുന്നതിനും സമയം കുറിച്ചത് ജ്യോത്സ്യന്‍മാരാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെ മോഡി ലഖ്‌നൗവില്‍ എത്തും. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വഹിയ്ക്കുകയും മോഡിയുടെ വിശ്വസ്തനുമായ അമിത് ഷാ വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെയും പ്രവര്‍ത്തകര്‍ക്കൊപ്പം റാലിയുടെ മുന്നൊരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. വിദ്യാര്‍ഥികളെ റാലിയില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രത്യേക വിഭാഗത്തെത്തന്നെ സജ്ജമാക്കിയിട്ടുണ്ട്. 2014 തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശില്‍ എത്തുന്ന മോഡിയെ സ്വീകരിയ്ക്കാന്‍ വേണ്ട എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞുവെന്നാണ് സൂചന.
മാത്രമല്ല മുസ്ലീങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനും പാര്‍ട്ടി ശ്രമിയ്ക്കുന്നുണ്ട്. 2002 ലെ ഗുജറാത്ത് കാലപത്തെത്തുടര്‍ന്ന് രാജ്യത്തെ മുസ്ലിങ്ങള്‍ക്കിടയില്‍ മോഡിയ്‌ക്കെതിരെ ഉണ്ടായ വികാരം തണുപ്പിയ്ക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നീക്കം. അതിനാണ് റാലിയില്‍ മുസ്ലീം പങ്കാളിത്തം ഉറപ്പ് വരുത്താന്‍ ശ്രമിയ്ക്കുന്നത്.












Click it and Unblock the Notifications