'സുഹൃത്ത് ട്രംപുമായുള്ള കൂടിക്കാഴ്‌ചയെ പ്രതീക്ഷയോടെ കാണുന്നു, സഹകരണം ശക്തിപ്പെടുത്തും'; നരേന്ദ്ര മോദി
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് മുന്നോടിയായി പ്രതീക്ഷകൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നാം ടേമിൽ ഡൊണാൾഡ് ട്രംപുമായി ഉണ്ടാക്കിയ ധാരണകളുടെയും പങ്കാളിത്തത്തിന്റെയും തുടർച്ച ഉറപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയും നരേന്ദ്ര മോദി പങ്കുവച്ചു. ഇന്ന് വൈകീട്ടോടെ ഫ്രാൻസിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്.
ഫ്രാൻസിൽ എത്തുന്ന അദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിൽ സഹ-അധ്യക്ഷനാകും. തുടർന്നാണ് രണ്ട് ദിവസത്തെ യുഎസ് സന്ദർശനം നടക്കുക. റിപ്പബ്ലിക്കൻ നേതാവ് അധികാരത്തിലിരുന്നപ്പോൾ 2019ൽ നടന്ന യുഎസ് യാത്രയെ അനുസ്‌മരിച്ച പ്രധാനമന്ത്രി, വരാനിരിക്കുന്ന ദ്വിദിന സന്ദർശനത്തിൽ തന്റെ സുഹൃത്ത് ട്രംപിനെ കാണാൻ കാത്തിരിക്കുകയാണെന്നും നരേന്ദ്ര മോദി അറിയിച്ചു.

അദ്ദേഹത്തിന്റെ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിനും ജനുവരിയിലെ സ്ഥാനാരോഹണത്തിനും ശേഷമുള്ള ഞങ്ങളുടെ ആദ്യ കൂടിക്കാഴ്‌ചയായിരിക്കും ഇത്. എങ്കിലും ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ ആദ്യ ടേമിൽ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഊഷ്‌മളമായ ഓർമ്മകൾ എനിക്ക് ഇപ്പോഴുമുണ്ട്; മോദി അറിയിച്ചു.
സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം തുടങ്ങിയ നിർണായക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഫ്രാൻസിലേക്ക് പുറപ്പെടും മുൻപ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് മോദി യുഎസ് യാത്രയിൽ വച്ചുപുലർത്തിയ പ്രതീക്ഷകളെ കുറിച്ച് മനസ് തുറന്നത്.
ഈ സന്ദർശനം ട്രംപിന്റെ ആദ്യ ടേമിലെ ഞങ്ങളുടെ സഹകരണത്തിന്റെ വിജയങ്ങൾ കെട്ടിപ്പടുക്കുന്നതിനും സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം, ഊർജം, വിതരണ ശൃംഖല പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെയുള്ള പങ്കാളിത്തം കൂടുതൽ ഉയർത്തുന്നതിനും നല്ലൊരു അവസരം തന്നെയായിരിക്കും; പ്രധാനമന്ത്രി വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്‌പര പ്രയോജനത്തിനായി ഇരു നേതാക്കളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുമെന്നും മോദി കൂട്ടിച്ചേർത്തു. എന്നാൽ കുടിയേറ്റ നയം കർശനമാക്കിയതിന് പിന്നാലെ മതിയായ രേഖകൾ ഇല്ലാത്ത ഇന്ത്യക്കാരെ യുഎസിൽ നിന്ന് നാടുകടത്തിയ രീതിയിലും നടപടിയിലും പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് മോദിയുടെ സന്ദർശനം എന്നതാണ് ശ്രദ്ധേയമായ കാര്യം.
യുഎസിൽ നിന്ന് ഇന്ത്യ കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങണമെന്നും ന്യായമായ ഉഭയകക്ഷി വ്യാപാര ബന്ധത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും ട്രംപ് കഴിഞ്ഞ മാസം നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ മോദിയുടെ ദ്വിദിന സന്ദർശനത്തിൽ കൂടുതൽ കരാറുകളിൽ ഏർപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.












Click it and Unblock the Notifications