പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് മുകളില്‍ ദേശീയ ചിഹ്നം സ്ഥാപിച്ചു, ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ദില്ലി: പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ മുകളില്‍ ദേശീയ ചിഹ്നം സ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങ് നിര്‍വഹിച്ചത്. വെങ്കലത്തിലാണ് ദേശീയ ചിഹ്നം നിര്‍മിച്ചിരിക്കുന്നത്. 9500 കിലോയോളം ഭാരമുണ്ട് ഇതിന്. 6.5 മീറ്ററോളം നീളവുമുണ്ട്. പാര്‍ലമെന്റ് കെട്ടിടത്തിലെ ഹാളിന് നടുവിലായിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

ഈ ചിഹ്നത്തെ താങ്ങി നിര്‍ത്താന്‍ അടിയില്‍ ഒരു സ്റ്റീല്‍ സ്റ്റാന്‍ഡും നിര്‍മിച്ചിട്ടുണ്ട്. ഇതിന് 6500 കിലോയാണ് ഭാരം. എട്ട് ഘട്ടങ്ങള്‍ താണ്ടിയാണ് ഓരോ മുന്നൊരുക്കങ്ങളും ദേശീയ ചിഹ്നത്തിന്റെ നിര്‍മാണത്തിനായി നടത്തിയത്. ദേശീയ സ്തംഭത്തിന്റെ രൂപരേഖ മുതല്‍ സ്ഥാപിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് ഈ ഘട്ടത്തില്‍ നടന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കളിമണ്ണ് കൊണ്ടുള്ള നിര്‍മാണം മുതല്‍ കമ്പ്യൂട്ടര്‍ ഗ്രാഫ്രിക്‌സും വെങ്കലം മിനുക്കലുമെല്ലാം ഇതില്‍ വരുമെന്നും സര്‍ക്കാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പാര്‍ലമെന്റ് നിര്‍മാണത്തിന് പിന്നിലുള്ളവരുമായി സംസാരിച്ചെന്നും, ഇവരുടെ പ്രവര്‍ത്തനത്തില്‍ അഭിമാനമുണ്ട്, രാജ്യം ഇവരുടെ സംഭാവനയെ എക്കാലവും ഓര്‍ക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി പങ്കെടുത്ത പൂജയോടെയാണ് ദേശീയ ചിഹ്നം സ്ഥാപിച്ചത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ഷ്, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവര്‍ ചടങ്ങിലുണ്ടായിരുന്നു.
പുതിയ പാര്‍ലമെന്റ്് നിര്‍മാണത്തിന് 1250 കോടിയോളമാണ് ചെലവാകുന്ന തുക. ഇതിന്റെ ചെലവ് അടുത്തിടെയാണ് കൂടിയത്. നേരത്തെ 977 കോടിയായിരുന്നു ചെലവായി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇത് 29 ശതമാനം കൂടുതലായി വര്‍ധിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ പ്രധാന ആകര്‍ഷണം തന്നെ ഇതാണ്. ടാറ്റ പ്രൊജക്ടസാണ് സെന്‍ട്രല്‍ വിസ്റ്റയുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.
13 ഏക്കറിലായിട്ടാണ് നാല് നില കെട്ടിടം ഉയരുന്നത്. രാഷ്ട്രപതി ഭവന്റെ വളരെ അടുത്താണ് ഈ കെട്ടിടം. 75ാം സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കരുതിയത്. എന്നാല്‍ വൈകുകയായിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications