സിദ്ദുവിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് എംപി, അമൃത്സറില്‍ തോല്‍ക്കും
ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളില്‍ പോര് പരസ്യമാകുന്നു. സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ പരസ്യ വിമര്‍ശനമാണ് പാര്‍ട്ടി എംപി ഗുര്‍ജീത് സിംഗ് ഓജ്‌ല ഉന്നയിച്ചിരിക്കുന്നത്. ജനങ്ങളുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ലെന്ന് ഓജ്‌ല ആരോപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനങ്ങളില്‍ നിന്ന് സിദ്ദു അകന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പല പരാമര്‍ശങ്ങളും അദ്ദേഹത്തിന് തന്നെ തിരിച്ചടിയാവും. ജനങ്ങള്‍ അദ്ദേഹവുമായി കലിപ്പിലാണ്. അമൃത്സറില്‍ വിജയിക്കാനുള്ള സാധ്യതയാണ് ഇതോടെ മങ്ങിയിരിക്കുന്നത്. സിദ്ദുവിന് ഇത്തവണ ജയസാധ്യത കുറവാണെന്നും ഓജ്‌ല പറഞ്ഞു.

സിദ്ദു നേതാക്കള്‍ക്കെതിരെ ഉപയോഗിച്ച ഭാഷ പലപ്പോഴും മോശമായിരുന്നു. അത് തന്നെയാവും അദ്ദേഹത്തിന് തിരിച്ചടിയാവുകയെന്ന് ഗുര്‍ജീത് പറയുന്നു. അമൃത്സറില്‍ നിന്നുള്ള എംപി കൂടിയാണ് അദ്ദേഹം. സിദ്ദുവിനോടുള്ള ജനങ്ങള്‍ക്ക് ഇപ്പോള്‍ താല്‍പര്യമില്ല. അവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ദേശീയ നേതാവായിരുന്നിട്ടും അദ്ദേഹം അവര്‍ക്കൊരു തലവേദനയായിരുന്നു. സിദ്ദു സംസാരിക്കുന്ന രീതി ജനങ്ങള്‍ ഒട്ടും ഇഷ്ടപ്പെടാത്ത തരത്തിലായിരുന്നു. തീര്‍ച്ചയായും അത് സിദ്ദുവിന് തന്നെ തിരിച്ചടിയാവുമെന്നും ഗുര്‍ജീത് സിംഗ് പറയുന്നു. സിദ്ദു നേരത്തെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്കെതിരെ അടക്കം രംഗത്ത് വന്നിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ എല്ലാ നേതാക്കന്മാരെയും സിദ്ദു വിമര്‍ശിച്ചിരുന്നു. ചന്നിക്ക് ഖനന മാഫിയയുമായി ബന്ധമുണ്ടെന്ന് സിദ്ദുവിന്റെ ഭാര്യയും മകളും വരെ ആരോപിച്ചിരുന്നു. എഎപിയുടെയും ബിജെപിയുടെയും ആരോപണങ്ങളായിരുന്നു സിദ്ദുവിന്റെ കുടുംബം ഏറ്റെടുത്തത്. ഇവരെ നിയന്ത്രിക്കാനും സിദ്ദു തയ്യാറായിരുന്നില്ല. പ്രധാനമായും മയക്കുമരുന്ന് വിഷയവും, മതഗ്രന്ഥ അക്രമങ്ങളും സിദ്ദു ചര്‍ച്ചാ വിഷയമാക്കിയിരുന്നു. പൊതുമധ്യത്തില്‍ പലരെയും അപമാനിക്കുന്ന, ഒട്ടും ബഹുമാനമില്ലാത്ത തരത്തിലാണ് സിദ്ദു സംസാരിച്ചതെന്ന് ഗുര്‍ജീത് സിംഗ് പറഞ്ഞു. അതേസമയംമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെ പ്രഖ്യാപിക്കാത്തതാണ് സിദ്ദുവിനെ കൂടുതലായി ചൊടിപ്പിച്ചത്.
സിദ്ദു വലിയ നേതാവാണ്. ഒരുപാട് പേര്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. അദ്ദേഹം സംസാരിക്കുന്നതെങ്ങനെയെന്നും നോക്കാറുണ്ട്. നേതാക്കള്‍ക്കെതിരെ മോശം വാക്കുകള്‍ അദ്ദേഹം ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അടക്കം സിദ്ദു ഉപയോഗിച്ച വാക്കുകള്‍ മോശമാണ്. സിദ്ദുവിനെ പോലൊരു നേതാവ് പ്രസംഗത്തില്‍ അച്ചടക്കം പുലര്‍ത്തണമായിരുന്നു. കാരണം സംസ്ഥാനത്തെ നയിക്കേണ്ടയാളാണ് അദ്ദേഹം. സിദ്ദുവിന് വേണ്ടി ചന്നിയാണ് പ്രചാരണത്തിന് ഇറങ്ങിയത്. സിദ്ദുവിന്റെ സീറ്റില്‍ വലിയ യുദ്ധമാണ് നടക്കുന്നത്. ത്രികോണ പോരാട്ടമാണ് അമൃത്സര്‍ ഈസ്റ്റിലുള്ളത്. എഎപിയും അകാലിദളും ഇവിടെ ശക്തരാണെന്നും ഗുര്‍ജീത് സിംഗ് പറഞ്ഞു.












Click it and Unblock the Notifications