സീനിയര്‍ നേതാക്കളെ പിടിച്ച് സിദ്ദു, അധ്യക്ഷന്റെ വീട്ടിലെത്തി, പഞ്ചാബില്‍ കാര്യങ്ങള്‍ ഉറപ്പിച്ചു
ദില്ലി: പഞ്ചാബ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തടസ്സങ്ങള്‍ നീക്കാന്‍ നേരിട്ടിറങ്ങി നവജ്യോത് സിംഗ് സിദ്ദു. സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജക്കറിനെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് സിദ്ദു. സീനിയര്‍ നേതാക്കളെ തന്നെ കൂട്ടുപിടിച്ച് അമരീന്ദര്‍ സിംഗിനെ വെട്ടാനുള്ള നീക്കമാണ് സിദ്ദു നടത്തുന്നത്. സുനില്‍ ജക്കറിന് പകരക്കാരനായി സിദ്ദു വരുമെന്ന് ഉറപ്പിക്കുന്നതാണ് ഈ കൂടിക്കാഴ്ച്ച. ആശീര്‍വാദം വാങ്ങാന്‍ വന്നതാണെന്നായിരുന്നു സിദ്ദു കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. പപല പ്രധാന നേതാക്കളെ കാണുന്നതിനാണ് സിദ്ദു സമയം ചെലവിട്ടത്.

ഹൈക്കമാന്‍ഡ് പ്രതിനിധിയായ ഹരീഷ് റാവത്തുമായി അമരീന്ദര്‍ ചര്‍ച്ച നടത്തുമ്പോഴായിരുന്നു സിദ്ദുവിന്റെ നയതന്ത്ര സന്ദര്‍ശനം. ചണ്ഡീഗഡില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള പഞ്ച്കുലയില്‍ എത്തിയായിരുന്നു സുനില്‍ ജക്കറിനെ സിദ്ദു കണ്ടത്. സൗഹൃദ സന്ദര്‍ശനമെന്ന് ജക്കര്‍ ഈ കൂടിക്കാഴ്ച്ചയെ വിശേഷിപ്പിക്കുകയും ചെയ്തു. സുഖ്ബീര്‍ സിംഗ് രണ്‍ധാവ, മന്ത്രിയാ ബല്‍ബീര്‍ സിംഗ് സിദ്ദു, സീനിയര്‍ നേതാവ് ലാല്‍ സിംഗ്, എംഎല്‍എമാരായ അമരീന്ദര്‍ സിംഗ് രാജ് വാറിംഗ്, കുല്‍ബീര്‍ സിറ, ദര്‍ശന്‍ ബ്രാര്‍, ബരീന്ദര്‍മീത് സിംഗ് പഹ്ര എന്നിവരെയും സിദ്ദു കണ്ടു.
അതേസമയം പഞ്ചാബില്‍ മാറ്റങ്ങള്‍ എതിരെയാണ് ക്യാപ്റ്റന്റെ നിലപാട്. സിദ്ദുവിനെ അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി പിളരുമെന്നാണ് അമരീന്ദര്‍ സോണിയക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഹൈക്കമാന്‍ഡ് അനാവശ്യമായി പഞ്ചാബിലെ കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും അമരീന്ദര്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കി പ്രഖ്യാപിക്കാനുള്ള നീക്കം തടസ്സപ്പെട്ടിരുന്നു. ഹൈക്കമാന്‍ഡ് ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. പഞ്ചാബില്‍ എന്ത് വില കൊടുത്തും അധികാരം നിലനിര്‍ത്തണമെന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം.
Recommended Video
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എന്ത് തീരുമാനം ഹൈക്കമാന്‍ഡ് എടുത്താലും അംഗീകരിക്കുമെന്ന് നിലപാട് മയപ്പെടുത്തിയിരിക്കുകായണ് അമരീന്ദര്‍. എല്ലാവര്‍ക്കും ആ തീരുമാനം സ്വീകാര്യമായിരിക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കി. ചണ്ഡീഗഡില്‍ തന്നെ കാണാനെത്തിയ ഹരീഷ് റാവത്തിനോടാണ് ഇക്കാര്യം അമരീന്ദര്‍ അറിയിച്ചത്. ഹിന്ദുവിനെയോ ദളിതിനെയോ സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് അമരീന്ദര്‍ നേരത്തെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സിദ്ദുവിന്റെ സമ്മര്‍ദം ശക്തമാക്കുകയും, പാര്‍ട്ടിയില്‍ അദ്ദേഹത്തിന് പിന്തുണ വര്‍ധിക്കുകയും ചെയ്തതോടെ അമരീന്ദര്‍ വഴങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications