നാത്തൂന്‍ പോരില്‍ സുപ്രിയ ജയിച്ചു; ഇത്തവണയാര് അജിത്തോ യുഗേന്ദ്രയോ? സ്ഥാനാർത്ഥി പട്ടികയുമായി എന്‍സിപി-എസ്പി
മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക്ക പുറത്തിറക്കി ശരത് പവാർ നയിക്കുന്ന എന്‍ സി പി (എസ്പി). 45 പേരാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. വാശിയേറിയ പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ബാരാമതിയില്‍ യുഗേന്ദ്ര പവാറിനെയാണ് എന്‍ സി പി (എസ്പി) നിയോഗിച്ചിരിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായ അജിത് പവാറിന്റെ സിറ്റിങ് സീറ്റാണ് ബാരാമതി. അജിത് പവാറിൻ്റെ ഇളയ സഹോദരൻ ശ്രീനിവാസിൻ്റെ മകനാണ് യുഗേന്ദ്ര പവാർ.
1991 മുതല്‍ തുടർച്ചയായി അജിത് പവാർ വിജയിക്കുന്ന സീറ്റാണ് ബാരാമതി. യഥാർത്ഥ എന്‍ സി പി ആരെന്ന തർക്കത്തില്‍ ബാരാമതി പിടിക്കല്‍ ഇരു പാർട്ടികള്‍ക്കും അഭിവാജ്യമായ ഘടകമാണ്. അജിത് പവാറിന് മുമ്പ് 1967 മുതല്‍ 1990 വരെ ശരത് പവാർ, കോണ്‍ഗ്രസ്, കോണ്‍ഗ്രസ് (യു അർ എസ്), ഇന്ത്യന്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ ഭാഗമായി ബാരാമതിയില്‍ നിന്നും വിജയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ 1.58 ലക്ഷം വോട്ടിനായിരുന്നു ശരത് പവാർ പക്ഷത്തെ സുപ്രിയ സുലെ പരാജയപ്പെടുത്തിയത്.

അതേസമയം, പാർട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ ഇസ്ലാംപൂരില്‍ നിന്ന് മത്സരിക്കും. മുംബ്ര-കൽവയിൽ ജിതേന്ദ്ര അവ്ഹാദ്, കറ്റോളിൽ അനിൽ ദേശ്മുഖ്, ഇന്ദാപൂരിൽ ഹർഷവർദ്ധൻ പാട്ടീൽ, ഹദാപ്‌സറിൽ പ്രശാന്ത് ജഗ്‌താപ് എന്നിവരും മത്സരിക്കും. അന്തരിച്ച പ്രമുഖ നേതാവ് ആർആർ പാട്ടീലിൻ്റെ മകൻ രോഹിത് പാട്ടീൽ തസഗോള്‍ - കാവത്തേമഹങ്കൽ സീറ്റില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.
സീറ്റ് വീതംവെയ്പിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തില്‍ തർക്കം തുടരുകയാണ്. 255 സീറ്റുകളില്‍ ധാരണയെത്തിയതായി മൂന്ന് പാർട്ടികളുടെ നേതാക്കളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 18 സീറ്റുകള്‍ മറ്റ് ചെറിയ സഖ്യ കക്ഷികള്‍ക്കായും മാറ്റിവെച്ചു. ശേഷിക്കുന്ന 15 സീറ്റുകളുടെ കാര്യത്തിലാണ് ഇപ്പോഴം തർക്കം തുടരുന്നത്.
ശിവസേന, കോണ്‍ഗ്രസ്, എന്‍ സി പി (എസ്പി) എന്നീ പാർട്ടികള്‍ 85 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് കഴിഞ്ഞ ദിവസം തീരുമാനമായത്. എന്നാല്‍ വിദർഭ മേഖലയിലെ അടക്കം സീറ്റുകളില്‍ ധാരണയിലെത്താന്‍ കക്ഷികള്‍ക്ക് സാധിച്ചില്ല. ഇതിനിടയില്‍ തന്നെ എന്‍ സി പിയും കോണ്‍ഗ്രസും അവകാശവാദം ഉന്നയിക്കുന്ന ചില സീറ്റുകളില്‍ ശിവസേന (യുബിടി) സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.












Click it and Unblock the Notifications