അസമിൽ അഞ്ചിൽ അഞ്ചും നേടി എൻഡിഎ;ശക്തി കേന്ദ്രങ്ങളിൽ പോലും തകർന്ന് കോൺഗ്രസ്
ദില്ലി; അസമിൽ ഉപതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വെച്ച് എൻഡിഎ. അഞ്ച് നിയമഭ സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മൂന്ന് സീറ്റിൽ ബിജെപിയും രണ്ട് സീറ്റിൽ സഖ്യകക്ഷിയുമാണ് ജയിച്ചത്.
അസമിൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന തൗറയിലും മറിയാനയും ബിജെപി പിടിച്ചെടുത്തു.തൗറയിൽ ബി ജെ പിയുടെ സുശന്ത ബോർഗോഹൈനാണ് വിജയിച്ചത്. 30,561 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. നേരത്തേ കോൺഗ്രസിൽ നിന്നും ബി ജെ പിയിലേക്ക് ചേക്കേറിയ നേതാവാണ് സുശന്ത. കോൺഗ്രസിൽ രണ്ട് തവണ എംഎൽഎയായിരുന്നു. അതേസമയം കോൺഗ്രസ് വിട്ടെത്തിയ മറ്റൊരു സ്ഥാനാർത്ഥിയായ രുപ്ജ്യോതി കുർമിയാണ് മറിയാനി മണ്ഡലത്തിൽ വിജയിച്ചത്. 40,104 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയായ ലൂഹിത് കോൻവാറിനെ കുർമി പരാജയപ്പെടുത്തിയത്. തേയില ഗോത്ര വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവായ കുർമി 2006 മുതൽ മരിയാനയിലെ കോൺഗ്രസ് എംഎൽഎയായിരുന്നു.

ഭബാനിപൂർ മണ്ഡലത്തിലും ബി ജെ പി സ്ഥാനാർത്ഥിക്കാണ് വിജയം. ബി ജെ പി ടിക്കറ്റിൽ മത്സരിച്ച ഫണിധർ താലൂക്ദാർ 25,641 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിർത്തിയത്. നേരത്തേ എഐയുഡിഎഫ് ടിക്കറ്റിൽ ഇവിടെ മത്സരിച്ച് വിജയിച്ച ഫണിധർ ബിജെപിയിലേക്ക് മറുകണ്ടം ചാടിയതോടെയായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
ബി ജെ പിയുടെ സഖ്യകക്ഷിയായ യു പി പി എൽ സ്ഥാനാർഥി ജിറോൺ ബസുമാറ്ററിയാണ് ഗോസൈഗോൺ സീറ്റിൽ വിജയിച്ചത്.തമുൾപൂരിലും യു പി പി എലിനാണ് വിജയം. ഇവിടെ ജോളൻ ഡൗമറിയാണ് വിജയിച്ചത്. 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. സിറ്റിംഗ് എം എൽ എമാരുടെ മരണത്തെത്തുടർന്നാണ് ഗോസൈഗാവിലേക്കും താമുൽപൂരിലേക്കും ഉപതിരഞ്ഞെടുപ്പ് നടന്നത്. അതേസമയം ഭപാനിപൂർ, മരിയാനി, തൗറ എന്നീ സീറ്റുകളിൽ എംഎൽഎമാർ ബി ജെ പിയിലേക്ക് ചേരുന്നതിനായി രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
മൂന്ന് അംഗങ്ങളുടെ വിജയത്തോടെ 126 അംഗ നിയമസഭയിൽ ബി ജെ പിയുടെ അംഗബലം 62 ആയി. യുപിഎല്ലിന്റെ അംദ ബലം 7 ഉം. എൻഡിഎ സഖ്യകക്ഷിയായ എ ജെ പിക്ക് 9 എംഎൽഎമാരാണ് ഉള്ളത്. അതേസമയം മറുവശത്ത് കോൺഗ്രസ് അംഗബലം 27 ആണ്. എ ഐ യു ഡി എഫിന് 15 അംഗങ്ങളുണ്ട്. ബി പി എഫിന് 3 നും സിപിഎമ്മിന് ഒരു അംഗവുമാണ് ഉള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുമുണ്ട്.
അതേസമയം തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തി. അസാമിൽ, ബിജെപിയും സഖ്യകക്ഷികളും ഉപതിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം രേഖപ്പെടുത്താൻ ഒരുങ്ങുകയാണ്. മോദിയിലുള്ള ജനവിശ്വാത്തിന്റെ അംഗീകാരമാണിത്, ഹിമന്ത ട്വീറ്റ് ചെയ്തു.
അതേസമയം മറ്റൊരു വടക്ക്-കിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ ആകെയുള്ള ഒരു സീറ്റിൽ എൻഡിഎ സഖ്യകക്ഷിയായ എൻ പി പിയാണ് മുന്നേറുന്നത്. ഏറ്റവും ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് ഉപതിരഞ്ഞെടുപ്പ് നടന്ന രാജബാല മണ്ഡലത്തിൽ എൻപിപിയുടെ അബ്ദുസ് സാലേഹ് കോൺഗ്രസ് സ്ഥാനാർത്ഥി മൊണ്ടൽ യാസ്മിനേക്കാൾ 1926 വോട്ടുകൾക്കാണ് ഇവിടെ ലീഡ് ചെയ്യുന്നത്. മറ്റൊരു മണ്ഡലമായ മൗറിങ്നെങ്കിൽ എൻപിപിയുടെ പിനിയാഡ് സിംഗ് സിയെം 1,816 വോട്ടുകൾക്ക് മുന്നിലാണ്.എൻപിപിയുടെ സഖ്യകക്ഷിയായ യുഡിപിയാണ് മുന്നാമത്തെ സീറ്റിൽ മുന്നേറുന്നത്.
Recommended Video
മിസോറാമിൽ തിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റായ തുയിറിയലിൽ മിസോ നാഷ്ണൽ ഫ്രണ്ട് സ്ഥാനാർത്ഥി കെ ലാൽദാംഗ്ലിയാന ജയിച്ചു. പീപ്പിൾസ് മൂവ്‌മെന്റിന്റെ (ZPM) ലാൽറ്റ്ലൻമാവിയയെ . 1,284 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications